Drisya TV | Malayalam News

ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും കംപ്യൂട്ടറിലറിയുന്ന ഡിജിറ്റല്‍ പൂട്ട് ഒരുക്കുന്നു 

 Web Desk    21 Oct 2025

ശബരിമലയുള്‍പ്പെടെ ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം കംപ്യൂട്ടറിലറിയുന്ന ഡിജിറ്റല്‍ പൂട്ട് ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.തിരുവാഭരണം ഉള്‍പ്പെടെയുള്ളവ സ്ട്രോങ് റൂമില്‍നിന്ന് ശ്രീകോവിലിലേക്കോ മറ്റെവിടേക്കെങ്കിലുമോ മാറ്റുമ്പോഴോ അറ്റകുറ്റപ്പണിക്കായി എടുക്കുമ്പോഴോ എല്ലാവിവരവും മഹസര്‍സഹിതം ഡിജിറ്റലാക്കും. ഇതിനുള്ള സോഫ്റ്റ്വേര്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി.

ക്ഷേത്രങ്ങളില്‍ വഴിപാടായോ കാണിക്കയായോ കിട്ടുന്ന സ്വര്‍ണാഭരണങ്ങളും മറ്റും നിശ്ചിതദിവസത്തിനകം ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി സ്ട്രോങ് റൂമിലേക്കു മാറ്റണം. ശബരിമലയില്‍നിന്ന് ആറന്മുള ക്ഷേത്രത്തിലേക്കുമാറ്റാന്‍ അഞ്ചുദിവസമാണ് സമയം.

''സ്വത്തുക്കളുടെ കണക്കും മറ്റുവിവരങ്ങളും പൂര്‍ണമായി ഡിജിറ്റലാകും. ഏതുവിധത്തിലുള്ള കൈകാര്യങ്ങളും അതു ചെയ്തവരുടെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിലോ ലാപ്‌ടോപ്പിലോ അപ്പപ്പോള്‍ ലഭ്യമാകും'' -ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വിശദീകരിച്ചു.

തമിഴ്‌നാട്ടിലെ 44,000 ക്ഷേത്രങ്ങളിലെ ഭരണം ഡിജിറ്റലാക്കിയത് എന്‍ഐസിയുടെ സോഫ്റ്റ്വേറാണ്. ആദ്യം ശബരിമലയിലും ആറന്മുളയിലും സ്‌ട്രോങ് റൂമുകള്‍ ഡിജിറ്റലാക്കും. തുടര്‍ന്ന് അതേമാതൃകയില്‍ ദേവസ്വം ബോര്‍ഡിന്റെ ബാക്കിയുള്ള സ്‌ട്രോങ് റൂമുകളിലും നടപ്പാക്കും. ഇതിന് ആറുമാസത്തോളം സമയമെടുക്കും.

 

വൈകാതെ ഇ-ഓഫീസും നടപ്പാകും. ഭൂമിവിവരങ്ങള്‍, സ്വത്തുക്കളുടെ കണക്ക്, മരാമത്ത് പണികളുടെയും ക്ഷേത്രഭൂമിയുടെയും ദേവസ്വം ജീവനക്കാരുടെയും വിവരങ്ങള്‍, ബില്‍ പെയ്മെന്റ് തുടങ്ങിയവയെല്ലാം ഡിജിറ്റലാകും.

ഡിജിറ്റലാകുന്നവ

തിരുവാഭരണങ്ങള്‍, സാളഗ്രാമം, സ്വര്‍ണ-വെള്ളിക്കട്ടികള്‍, ആഭരണങ്ങള്‍, രത്‌നക്കല്ലുകള്‍, പ്രഭാമണ്ഡലം തുടങ്ങിയവ

വിവിധരൂപത്തിലുള്ള വിഗ്രഹങ്ങള്‍ (കരിങ്കല്ല്, വെങ്കലം, ചെമ്പ്, വെള്ളി, സ്വര്‍ണം, പഞ്ചലോഹം, ദാരുശില്പം അഥവാ മരംകൊണ്ടുള്ള ബിംബങ്ങള്‍ തുടങ്ങിയവ)

പട്ടുപരിവട്ടം (വിലപിടിപ്പുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ ആലവട്ടങ്ങള്‍, വെഞ്ചാമരങ്ങള്‍, കുടകള്‍ തുടങ്ങിയവ), ഭരണികള്‍ (ചെമ്പ്, പിച്ചള, ഓട്, ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവയിലുള്ളവ), വിലപിടിപ്പുള്ളതും പുരാവസ്തുമൂല്യമുള്ളതുമായ നിലവിളക്കുകള്‍, മണികള്‍, പാത്രങ്ങള്‍, ഉരുളികള്‍ തുടങ്ങിയവ

പുരാവസ്തുമൂല്യമുള്ള മര ഉരുപ്പടികള്‍, ആനക്കൊമ്പുകള്‍, ആനക്കൊമ്പിലുള്ള ഉരുപ്പടികള്‍, ഫര്‍ണിച്ചര്‍, ക്ലോക്കുകള്‍, ചിത്രങ്ങള്‍, പുസ്തകങ്ങള്‍, ശംഖുകള്‍ തുടങ്ങിയവ.

  • Share This Article
Drisya TV | Malayalam News