ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് 2025-ലെ ഏറ്റവും പുതിയ റാങ്കിങ്ങുകൾ പുറത്ത്. ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നാണ് റാങ്കിങ്ങുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ 85-ാം സ്ഥാനത്താണ് ഇന്ത്യ.കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് സ്ഥാനങ്ങൾ താഴോട്ടിറങ്ങിയ ഇന്ത്യക്ക് ഇപ്പോൾ 57 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം മാത്രമാണുള്ളത്. 2024-ൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ അനായാസം യാത്ര ചെയ്യാമായിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച സ്കോർ 2006-ൽ ആയിരുന്നു. 71-ാം സ്ഥാനത്തായിരുന്നു അന്ന്.സിങ്കപ്പുർ (193 രാജ്യങ്ങൾ), ദക്ഷിണകൊറിയ (190), ജപ്പാൻ(189) എന്നിവയാണ് ആദ്യമൂന്ന് സ്ഥാനങ്ങളിൽ. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയെക്കുറിച്ച് ആശങ്കപ്പെടാതെ ഏകദേശം 190 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. അതേസമയം, ഹെൻലി പാസ്പോർട്ട് സൂചികയിൽ യുഎസ് ഇക്കുറി 12-ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 20 വർഷത്തിനിടയിൽ ആദ്യമായാണ് യുഎസിന്റെ സ്ഥാനം ആദ്യ പത്തിലുൾപ്പെടാതെപോകുന്നത്.
ഒരു പാസ്‌പോർട്ട് ഉടമയ്ക്ക് മുൻകൂട്ടി വിസയെടുക്കാതെ എത്ര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് സൂചിക ആഗോളതലത്തിൽ പാസ്‌പോർട്ടുകളെ വിലയിരുത്തുന്നത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (IATA) ഡാറ്റ ഉപയോഗിച്ച് ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് എല്ലാ മാസവും ഈ സൂചിക പുതുക്കുന്നു.