Drisya TV | Malayalam News

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാൻ ആലോചന

 Web Desk    11 Oct 2025

പൊതുമേഖലാ ബാങ്കുകളുടെ ലയനം വീണ്ടും നടപ്പാക്കാൻ ആലോചന. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്റെ നിർദേശം ഈ സാമ്പത്തിക വർഷം തന്നെ നടപ്പാക്കാൻ നടപടികൾ തുടങ്ങുമെന്ന് അറിയുന്നു. ബാങ്കുകളെ സംയോജിപ്പിച്ച് ലോകത്തെ ആദ്യ 20 മുൻനിര ബാങ്കുകളുടെ ഗണത്തിലേക്ക് ഇന്ത്യയിലെ രണ്ടു പൊതുമേഖലാ ബാങ്കുകളെയെങ്കിലും കൊണ്ടുവരണമെന്ന നിർദേശമാണ് ഈ നീക്കത്തിനു പിന്നിൽ. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്കു മറ്റു പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണു റിപ്പോർട്ടുകൾ.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിൽ ലയിപ്പിച്ചേക്കും. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതോടെ വമ്പൻ പദ്ധതികൾക്ക് ഉൾപ്പെടെ വായ്പ നൽകാനും മറ്റും ഈ 3 ബാങ്കുകൾക്കും കഴിയും. ബാങ്ക് ആസ്തിയിൽ ലോകത്തെ പ്രമുഖ 100 ബാങ്കുകളുടെ പട്ടികയിൽ 47-ാം സ്ഥാനമാണ് എസ്ബിഐക്കുള്ളത്.

2017ൽ ആണു ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി. ഇനിയും അതു മൂന്നാക്കാനാണ് നീക്കം.

  • Share This Article
Drisya TV | Malayalam News