Drisya TV | Malayalam News

5 വയസു മുതൽ 17 വയസുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ സൗജന്യമാക്കി UIDAI

 Web Desk    11 Oct 2025

അഞ്ച് വയസു മുതൽ പതിനേഴു വയസുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update - MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാം. 5 വയസുവരെ ബയോമെട്രിക് ശേഖരിക്കാത്തതിനാൽ കുട്ടികൾക്ക് അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്‌സ് (വിരലടയാളം,കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്.

പുതുക്കൽ നടത്താത്ത ആധാർ കാർഡുകൾ അസാധുവാകാൻ സാധ്യതയുള്ളതിനാൽ സ്കോളർഷിപ്പ്, റേഷൻ കാർഡ്, സ്‌കൂൾ അഡിഷൻ, NEET, JEE തുടങ്ങിയ മത്സര പരീക്ഷകൾക്ക് രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ എല്ലാ കുട്ടികളും ഈ സൗജന്യ അവസരം പ്രയോജനപ്പെടുത്തണമെന്ന് കേരള സംസ്ഥാന ഐടി മിഷൻ ഡയറക്ടർ അറിയിച്ചു. കേരളത്തിൽ ആധാറിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് കേരള സംസ്ഥാന ഐടി മിഷനാണ്. ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും 1800-4251-1800 / 04712335523 (സിറ്റിസൺ കോൾ സെന്റർ) അല്ലെങ്കിൽ 0471-2525442 (കേരള സംസ്ഥാന ഐടി മിഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

  • Share This Article
Drisya TV | Malayalam News