ശിൽപസമാനമായ നിർമിതി, താമരയിതളുകൾ പോലുള്ള തൂണുകൾ, സ്റ്റീലും ഗ്ലാസും ചേർന്ന മേൽക്കൂര... ഇന്ത്യയിലെ ഏറ്റവു വലിയ നാഴികക്കല്ലുകളിലൊന്നായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം തയ്യാറായിക്കഴിഞ്ഞു. മെട്രോപൊളിറ്റൻ മേഖലയിലേക്കുള്ള ഒരു ആധുനിക കവാടമെന്നുതന്നെ ഈ വിമാനത്താവളത്തെ വിശേഷിപ്പിക്കാം. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രൂപകൽപ്പന ചെയ്ത നവി മുംബൈ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ വിമാത്താവളമാണ്.
ഒഴുകിനടക്കുന്ന താമരയിതളുകളെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിർമിതി, അദാനി എയർപോർട്ട്സ് ഹോൾഡിങ്സിന്റെ നേതൃത്വത്തിൽ, സഹാ ഹദീദ് ആർക്കിടെക്റ്റ്സ് (ZHA) രൂപകൽപ്പന ചെയ്‌തതാണ്. 19,650 കോടിയാണ് ഇതിൻ്റെ നിർമാണച്ചെലവ്.
താമരയിതളുകളുടെ ആകൃതിയിലുള്ള തൂണുകളാൽ താങ്ങിനിർത്തപ്പെട്ടിരിക്കുന്നതിനാൽ, വിമാനത്താവളം വായുവിൽ പൊങ്ങിക്കിടക്കുന്നതു പോലെ തോന്നും. പ്രകൃതിക്ഷോഭങ്ങളെയടക്കം പ്ര തിരോധിക്കാനാവും വിധമാണ് നിർമാണം. ആദ്യ ഘട്ടത്തിൽ, വിമാനത്താവളം 3,700 മീറ്റർ നീളമുള്ള ഒരൊറ്റ റൺവേയും 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളുന്ന ടെർമിനലുമായിരിക്കും. ഭാവിയിൽ, പ്രതിവർഷം 60 മുതൽ 90 ദശലക്ഷം വരെ യാത്രക്കാരെ ഉൾക്കൊള്ളുന്ന തരത്തിൽ നിർമാണം പൂർത്തികരിക്കും .
യാത്രാസൗകര്യം ആൽഫ, ബ്രാവോ, ചാർളി എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ഓപ്പറേഷൻ സെന്ററുകളിലായി 88 ചെക്ക്-ഇൻ കൗണ്ടറുകൾ, നാല് കവാടങ്ങൾ എന്നിവ ഉണ്ടായിരിക്കും.ദക്ഷിണ മുംബൈയിൽ നിന്ന് ഏകദേശം 37 കിലോമീറ്റർ അകലെ ഉൽവെയിലുള്ള 1,160 ഹെക്ടർ സ്ഥലത്താണ് വിമാനത്താവളം. റോഡ്-റെയിൽ ഗതാഗത സൗകര്യങ്ങളോടുകൂടിയ ഒരു മൾട്ടി-മോഡൽ ഹബ്ബായാണ് ഇത് ആസൂത്രണം ചെയ്‌തിരിക്കുന്നത്. ഇത് കാലക്രമേണ നവി മുംബൈയ്ക്കും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിലുള്ള യാത്ര വേഗത്തിലാക്കും.