സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയുമായി വനം വകുപ്പ്. മരം വളര്‍ത്തല്‍ പ്രോല്‍സാഹിപ്പിക്കാനുള്ള ട്രീ ബാങ്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കും കുറഞ്ഞത് 15 വര്‍ഷത്തെ പാട്ടത്തിന് ഭൂമി കൈവശമുള്ളവര്‍ക്കും അംഗങ്ങളാവാം. സഹായധനം മൂന്നാം വര്‍ഷം മുതലാണ് നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍ നടുന്നവര്‍ക്ക് 15 വര്‍ഷം വരെ ധനസഹായം ലഭിക്കും. സംസ്ഥാനത്തെ വൃക്ഷങ്ങളുടെ തോത് കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചന്ദനം, തേക്ക്, റോസ് വുഡ്, പ്ലാവ്, കാട്ടുപ്ലാവ്, തമ്പകം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, കുമ്പില്‍, കരിമരുത്, വെണ്‍തേക്ക്, വീട്ടി എന്നിവയാണ് നടേണ്ടത്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നഴ്‌സറികളില്‍ നിന്ന് എല്ലാ വര്‍ഷവും ജൂണ്‍, ജൂലായ് മാസങ്ങളില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ നല്‍കും.
പദ്ധതിയുടെ കാലാവധി പൂര്‍ത്തിയായ ശേഷം സ്ഥല ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ മുറിച്ചെടുക്കാനും സാധിക്കും. താല്‍പര്യമുള്ളവര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും വനംവകുപ്പുമായി ധാരണാപത്രം ഒപ്പിടുകയും വേണം.