റഷ്യയിൽനിന്ന് വിലക്കുറവിൽ എണ്ണ ലഭിച്ചുതുടങ്ങിയതോടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യയിലെ എണ്ണശുദ്ധീകരണ ശാലകൾ. അമേരിക്കയുമായുള്ള വ്യാപാര ചർച്ച നീണ്ടുപോകുന്നതും ഇറക്കുമതി വർധിപ്പിക്കാൻ കാരണമായെന്നും വരുംമാസങ്ങളിൽ ഇത് ഇനിയും വർധിക്കുമെന്നും ബ്ലൂം ബെർഗ് റിപ്പോർട്ട് ചെയ്തു.
യുറാൽസ് ക്രൂഡ് ഓയിലിന് ഡേറ്റഡ് ബ്രെൻഡ് ക്രൂഡ് ഓയിലിനേക്കാൾ ബാരലിന് രണ്ട് ഡോളർ മുതൽ 2.05 ഡോളർ വരെ നവംബറിൽ കിഴിവ് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ബാരലിന് ഏകദേശം ഒരു ഡോളർ കിഴിവ് എന്ന നിലയിലായിരുന്നു. ആഭ്യന്തര ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയതിനെത്തുടർന്നാണ് ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വിതരണം കുറഞ്ഞതെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയെച്ചൊല്ലി ഇന്ത്യയുമായി ട്രംപ് ഇടഞ്ഞിരുന്നു. യുക്രൈൻ യുദ്ധത്തിന് സഹായകരമാകുന്ന രീതിയിൽ റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയ്ക്കെതിരേ 50 ശതമാനം തീരുവ ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. റഷ്യയിൽനിന്ന് ഇന്ത്യ ഓയിൽ ഇറക്കുമതി ചെയ്യാതിരിക്കാനായിരുന്നു ട്രംപിന്റെ നീക്കം. എന്നാൽ, ഇന്ത്യ ഇതിന് വഴങ്ങിയില്ല.