മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രാ തീയതി പലപ്പോഴും മാറ്റേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാവാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് പണനഷ്ടമില്ലാതെ യാത്രാ തീയതി മാറ്റാന്‍ റെയില്‍വേ അവസരമൊരുക്കുന്നു. ജനുവരി മുതല്‍ ട്രെയിന്‍ യാത്രാ തിയതി മറ്റൊരു ഫീസും ആവശ്യമില്ലാതെ ഓണ്‍ലൈനായി മാറ്റാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമാണ് പോംവഴി. പലപ്പോഴും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതും ചിലവേറിയതുമാണ് ഈ സാഹചര്യം. ഇതൊഴിവാക്കാനാണ് നിലവില്‍ റെയില്‍വേയുടെ ശ്രമം. അതേസമയം പുതിയ രീതിയില്‍ ടിക്കറ്റ് ലഭിക്കുമെങ്കിലും ആശയക്കുഴപ്പമുണ്ടാകുമോ എന്നൊരാശങ്കയുണ്ടെന്ന് റെയില്‍ മന്ത്രി എന്‍ഡി ടിവിയോട് പറഞ്ഞു. സീറ്റുലഭ്യത അനുസരിച്ചു മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂ.
ട്രെയിന്‍ യാത്രകള്‍ പുനക്രമീകരിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് ഈ മാറ്റം സഹായകമാകും. നിലവിലുള്ള നിയമം അനുസരിച്ച് ട്രെയിൻ പുറപ്പെടുന്നതിന് 48 മുതൽ 12 മണിക്കൂർ മുൻപ് ബുക്ക് ചെയ്ത ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം കിഴിവ് വരും. പുറപ്പെടുന്നതിന് 12 നും 4 നും ഇടയിലുള്ള സമയത്ത് റദ്ദാക്കിയാൽ ഫീസ് വർദ്ധിക്കും. റിസർവേഷൻ ചാർട്ട് തയ്യാറാക്കിയാൽ, റദ്ദാക്കിയ ടിക്കറ്റുകൾക്ക് സാധാരണയായി റീഫണ്ടുകൾ അനുവദിക്കുകയുമില്ല. ഈ രീതിക്കെല്ലാം മാറ്റമുണ്ടാക്കാനാണ് പുതിയ രീതിയിലേക്ക് മാറുന്നതെന്നും മന്ത്രി പറയുന്നു.