അറുപതു വയസ്സ് പിന്നിട്ട സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്ക് ഡ്രൈവിങ് കാര്യശേഷി പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ്. അടുത്തിടെ ഉണ്ടായ സ്‌കൂള്‍ ബസ് അപകടങ്ങളില്‍ രണ്ടെണ്ണത്തിലും 60 വയസ്സ് പിന്നിട്ടവരായിരുന്നു ഡ്രൈവര്‍മാര്‍.
രണ്ട് അപകടങ്ങളിലും സമയോചിതമായി ഇടപെടുന്നതില്‍ ഡ്രൈവര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് മോട്ടോര്‍ വാഹന വകുപ്പിനുള്ളത്. അതിനാല്‍ ജില്ലയിലെ 60 പിന്നിട്ട എല്ലാ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരെയും ശാസ്ത്രീയമായി വിലയിരുത്താനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ (ഡിആര്‍എസ്സി) യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തു. വാഹനം ഓടിക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാകും പ്രധാന പരിശോധന.
നിലമേലില്‍ സ്‌കൂള്‍ ബസ് പിന്നോട്ടുരുണ്ട് താഴ്ചയിലേക്കു പതിച്ച അപകടത്തില്‍ യഥാസമയം ബ്രേക്ക് പ്രയോഗിക്കാന്‍ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. കലയപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍ചക്രം ആക്‌സിലില്‍നിന്ന് ഇളകിമാറിയത് യഥാസമയം മനസ്സിലാക്കുന്നതിലും ഡ്രൈവര്‍ക്ക് വീഴ്ചയുണ്ടായി.
ചെറിയ ശബ്ദവ്യത്യാസം ഉണ്ടായപ്പോള്‍തന്നെ വാഹനം നിര്‍ത്തേണ്ടതായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച് വേഗത്തില്‍ പ്രതികരിക്കാന്‍ ഡ്രൈവര്‍ക്കു കഴിയണം. പ്രത്യേകിച്ചും സ്‌കൂള്‍ ബസുകളില്‍. ഇതു മനസ്സിലാക്കിയാണ് കളക്ടര്‍ അധ്യക്ഷനായുള്ള ഡിആര്‍എസ്സി യോഗം പ്രത്യേക സ്‌കില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്.