മനുഷ്യൻ നിർമിച്ച വൈദ്യുത സർക്യൂട്ടുകൾ പോലും ക്വാണ്ടം ലോകത്തിൻ്റെ നിയമങ്ങൾ അനുസരിക്കുന്നുവെന്നു കണ്ടെത്തിയ മൂന്നുപേർക്ക് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേൽ. ജോൺ ക്ലാർക്ക് (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ), മിഷേൽ എച്ച്. ഡെവോറെക്ക് (യേൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ), ജോൺ എം. മാർട്ടീനിസ് (യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ) എന്നിവർക്കാണു പുരസ്‌കാരം. ആറ്റങ്ങളെയും സൂക്ഷ്മകണികളയും നിയന്ത്രിക്കുന്ന ഭൗതികശാസ്ത്ര തത്വമായ ക്വാണ്ടം മെക്കാനിക്സ്, ഒരു ഇലക്ട്രിക് സർക്യൂട്ടിനുള്ളിൽ വലുതും ദൃശ്യവുമായ തോതിലും പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇവർ തെളിയിച്ചത്.
ഒരു സാധാരണ ഇലക്ട്രിക്കൽ സർക്യൂട്ടിൽ പോലും, ഊർജ ക്വാണ്ടൈസേഷൻ (ഊർജം നിശ്ചിത നിലകളിൽ മാത്രമേ നിലനിൽക്കൂയെന്നത്) എന്ന സ്വഭാവം ഉണ്ടെന്നും മാക്രോസ്കോപിക് ക്വാണ്ടം ടണലിങ് - അതായത്, വലിയ തോതിലുള്ള വൈദ്യുത പ്രവാഹത്തിനുപോലും ഭൗതികതടസ്സങ്ങൾ തുളച്ചു കടക്കാൻ കഴിയും എന്ന തരത്തിലെ പ്രതിഭാസങ്ങൾ സംഭവിക്കാമെന്നും അവർ തെളിയിച്ചു. ഈ കണ്ടെത്തലുകൾ ക്വാണ്ടം കംപ്യൂട്ടിങ്ങിന്റെ അടിത്തറയായി മാറി. ഇവരുടെ കണ്ടെത്തലുകൾ സൂപ്പർകണ്ടക്ടിങ് സർക്യൂട്ടുകളിൽ ഉപയോഗിക്കുന്ന ക്വാണ്ടം ഘടകങ്ങൾ (ക്യൂബിറ്റ്) പഠിക്കുകയും വികസിപ്പിക്കുകയും ചെയ്യുവാൻ ശാസ്ത്രീയ അടിത്തറ നൽകി. സാധാരണയായി ആറ്റം, ഇലക്ട്രോണുകൾ തുടങ്ങിയ സൂക്ഷ്മകണങ്ങളിലാണ് ക്വാണ്ടം കാണാറുള്ളത്. എന്നാൽ മനുഷ്യൻ നിർമിച്ച വൈദ്യുത സർക്യൂട്ടുകൾ പോലെയുള്ള വലിയ സംവിധാനങ്ങളിലും ഇവ പ്രവർത്തിക്കുന്നു എന്നാണ് ഇവർ തെളിയിച്ചത്.11 മില്യൻ സ്വീഡിഷ് ക്രോണർ (1.2 മില്യൻ യുഎസ് ഡോളർ) ആണ് പുരസ്കാരത്തുക. ഡിസംബർ 10ന് ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷികത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.