മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന ചിറ്റമ്മനയം പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. വായ്‌പ തള്ളുന്നതുമായി ബന്ധപ്പെട്ട വിഷയം തങ്ങളുടെ അധികാരപരിധിക്ക് പുറത്തുള്ള കാര്യമെന്നായിരുന്നു കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. ഇതിനെതിരേയാണ് കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
കേന്ദ്ര നിലപാട് അസ്വസ്ഥപ്പെടുത്തുന്നതാണ്. വിഷയത്തിൽ ബാങ്കുകളെ കക്ഷിചേർക്കും. വായ്‌പ തിരിച്ചുപിടിക്കൽ നടപടികൾ അനുവദിക്കില്ല. വായ്പ തിരിച്ചുപിടിക്കുന്ന നടപടികൾ സ്റ്റേ ചെയ്യുമെന്നും ഹൈക്കോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി.
അധികാരമില്ല എന്നാണോ നിങ്ങൾ പറയുന്നത്. വായ്പ എഴുതിത്തള്ളാനാകില്ല എങ്കിൽ അത് കൃത്യമായി, ആർജ്ജവം കാണിച്ച് തുറന്നു പറയണം. അല്ലാതെ അധികാരമില്ല എന്ന ന്യായമല്ല പറയേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽ ഇതല്ലല്ലോ നിലപാട് എന്നും കോടതി ചോദിച്ചു.
ഹരിയാണ, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രം നൽകിയ സഹായങ്ങൾ കോടതി പരാമർശിച്ചിരുന്നു. കേന്ദ്രത്തിന്റെ അധികാര പരിധിയുള്ള ബാങ്കുകൾ ഏതൊക്കെയാണെന്നും കോടതി ആരാഞ്ഞു.