ഓപ്പറേഷൻ നുംഖോറിന്റെ ഭാ ഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടൻ ദുൽഖർ സൽമാന് വിട്ടുകൊടുക്കണമെന്ന് ഹൈക്കോടതി. വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു അപേക്ഷ തള്ളിയാൽ കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിം ഗിൾബെഞ്ച് വ്യക്തമാക്കി. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അന്വേഷണത്തിന് വാഹനം കസ്റ്റഡിയിൽ അനിവാര്യമാണോ എന്ന് കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിലല്ലേ അന്വേഷണം പുരോ ഗമിക്കുന്നതെന്നും, എന്തിനാണ് വാഹനം എപ്പോഴും കസ്റ്റഡിയിൽ വെക്കുന്നതെന്നും കോടതി ചോദിച്ചു. വാഹനം വിട്ടുനൽകാൻ ആവശ്യമായ ബാങ്ക് ഗ്യാരൻ്റി നൽകാമെന്ന് ദുൽഖർ കോടതിയെ അറിയിച്ചു.
ഭൂട്ടാനിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് ആരോപിച്ചാണ് ദുൽഖറിന്റെ ആഡംബര വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. എന്നാൽ, തമിഴ്‌നാട് രജിസ്ട്രേഷനുള്ള വാഹനം ആർപീ പ്രമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണ് വാങ്ങിയതെന്നും അഞ്ചുവർഷമായി ഉപയോഗിക്കുന്നുണ്ടെന്നും ദുൽഖർ അറിയിച്ചു. രേഖകളെല്ലാം ശരിയാണെന്ന വിശ്വാസത്തിലാണ് വാഹനം വാങ്ങിയത്. കൈവശമുള്ള രേഖകളെല്ലാം നൽകിയെങ്കിലും ഇവ പരിശോധിക്കാതെയാണ് വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കമീഷണർക്ക് അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി നൽകിയത്.