ഇടപ്പള്ളി-മണ്ണുത്തി ദേശീയപാത 544-ലെ പാലിയേക്കര ടോൾ പിരിവിൽ വിലക്ക് തുടരും. ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി നൽകിയ ഹർജി വെള്ളിയാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ടോൾ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊണ്ടുകൂടേ എന്ന് കോടതി ദേശീയപാതാ അതോറിറ്റിയോട് ആരാഞ്ഞു. ജനം നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകർ നൽകിയ ഹർജിയിലാണ് നടപടി.
അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് കനത്ത ഗതാഗതക്കുരുക്കാണ് യാത്രികർ അനുഭവിച്ചുവരുന്നത്. ടോൾ നൽകി യാത്രചെയ്യുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.എന്നാൽ, ഏതാണ്ട് 65 കിലോമീറ്റർ സ്ട്രെച്ചിൽ അഞ്ച് കിലോമീറ്ററിൽ മാത്രമേ പ്രശ്നമുള്ളൂവെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഈ പ്രശ്നംകൊണ്ട് മാത്രം ടോൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവെയ്ക്കുന്നത് ശരിയല്ലെന്ന് കേന്ദ്രം കോടതിയിൽ നിലപാടെടുത്തു. റോഡ് നിർമാണം വേഗത്തിൽ പോകുന്നുണ്ടെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.എന്നാൽ, അഞ്ചുകിലോമീറ്ററാണെങ്കിൽപ്പോലും ടോൾ കൊടുത്ത് യാത്രചെയ്യുന്ന ജനം ബുദ്ധിമുട്ടാൻ പാടില്ലെന്ന നിലപാട് സ്വീകരിച്ചാണ് കോടതി സ്‌റ്റേ തുടരാൻ ഉത്തരവിട്ടത്.