റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്. ഡിസംബർ അഞ്ച്, ആറ് തീയതികളിലായിരിക്കും സന്ദർശനം. ഡൽഹിയിലെത്തുന്ന പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനിടെ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ളവയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച നടത്തും. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കെതിരെ യുഎസ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനം.
ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ മോസ്കോ സന്ദർശന വേളയിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തെ കുറിച്ചുള്ള ആദ്യ സൂചനകൾ ലഭിച്ചത്. ഈ വർഷം അവസാനത്തോടെ ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ തീയതികൾ തീരുമാനമായിരുന്നില്ല. പിന്നീട് ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) ഉച്ചകോടിയിൽ വച്ച് പുട്ടിനും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.