ചൈനയിലെ കൗതുക കാഴ്ചകളുടെ പട്ടികയിലേക്ക് പുതിയൊരു പാലം കൂടി എത്തുകയാണ്. ലോകത്തിൽ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമാണ് ഇപ്പോൾ ചൈനയിൽ യാത്രക്കാർക്കായി തുറന്നുകൊടുത്തിരിക്കുന്നത്.ഹുവാജിയാങ് ഗ്രാന്റ് കാന്യൻ എന്നാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പാലത്തിന് ചൈന പേര് നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഈ പാലം സഞ്ചാരത്തിനായി തുറന്ന് നൽകിയതെന്നാണ് വിവരം. ഗ്വിഷൂ പ്രവിശ്യയിലെ ഒരു മലനിരയ്ക്ക് 625 മീറ്റർ ഉയരത്തിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ഈ പാലം ഉയർന്നതോടെ ചൈനയിലെ ഏറ്റവും ദുർഘടമായ ഭൂപ്രദേശത്തിലേക്കുള്ള ഗതാഗത പ്രശ്‌നത്തിനാണ് പരിഹാരം ആയിരിക്കുന്നത്.
പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ മാസമാണ് നടന്നത്. വിദഗ്ധരായ എൻജിനീയർമാരുടെ സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. 96 ട്രക്കുകൾ പാലത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർത്തിയായിരുന്നു ഈ പാലത്തിലെ ഭാര പരീക്ഷണം. 400-ൽ അധികം സെൻസറുകൾ സ്ഥാപിച്ചാണ് പാലത്തിന്റെ പ്രധാന സ്‌പാൻ, തൂണുകൾ, കേബിളുകൾ, സസ്പെൻഡറുകൾ എന്നിവയുടെ ചലനങ്ങൾ നിരീക്ഷിച്ചത്. 2900 മീറ്റർ നീളമുണ്ട് പുതിയ പാലത്തിന്.മലനിരയിൽ നിന്ന് 635 മീറ്റർ ഉയരത്തിലാണ് ഹുവാജിയാങ് ഗ്രാന്റ് കാന്യൻ സ്ഥിതി ചെയ്യുന്നത്.