Drisya TV | Malayalam News

ഹോംവർക്ക് ചെയ്തില്ല; രണ്ടാം ക്ലാസുകാരനെ തലകീഴായ് കെട്ടിയിട്ടു ക്രൂരമർദനം

 Web Desk    29 Sep 2025

ഹരിയാനയിലെ സ്വകാര്യ സ്കൂളിൽ കുട്ടികളോടു ക്രൂരമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്തുവന്നതിനു പിന്നാലെ കനത്ത പ്രതിഷേധം. ഹരിയാനയിലെ പാനിപത്തിലെ ജാട്ടൽ റോഡിലുള്ള സ്കൂളിൽ കുട്ടികളെ ഉപദ്രവിക്കുന്ന വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലിനും സ്റ്റാഫിനുമെതിരെ കേസെടുത്തു. 

ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽകമ്പിയിൽ തലകീഴായി കെട്ടിയിട്ട് സ്കൂൾ ബസ് ഡ്രൈവറെക്കൊണ്ട് മർദിക്കുന്ന വിഡിയോയാണ് ഒന്ന്. അടുത്തിടെയാണ് തന്റെ മകനെ ഈ സ്കൂളിൽ ചേർത്തതെന്ന് മർദനത്തിന് ഇരയായ കുട്ടിയുടെ മാതാവ് പറഞ്ഞു. സംഭവത്തിൽ പ്രിൻസിപ്പൽ റീനയും സ്കൂൾ ബസ്സിന്റെ ഡ്രൈവർ അജയ്‍യും കുറ്റക്കാരാണെന്നും മാതാവ് പറഞ്ഞു. 

രണ്ടാം ക്ലാസുകാരനെ മർദിച്ച അജയ്, ഇതിന്റെ ദൃശ്യങ്ങൾ വിഡിയോ കോളിലൂടെ സുഹൃത്തുക്കളെ കാണിക്കുകയും ചെയ്തു. വിഡിയോ ഓൺലൈനിൽ അപ്‌ലോഡ് ചെയ്തതോടെ കുട്ടിയുടെ വീട്ടുകാരും ഇത് കാണുകയായിരുന്നു. 

സഹപാഠികളുടെ മുന്നിൽവച്ച് കുട്ടികളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് മറ്റൊരു വിഡിയോയിൽ ഉള്ളത്. കുട്ടികൾ രണ്ടു സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനു മുൻപ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും തന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് റീന പറഞ്ഞു. എന്നാൽ റീനയ്ക്കെതിരെ ഒട്ടേറെ പരാതികളുണ്ടെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ശിക്ഷാനടപടികളുടെ ഭാഗമായി കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ ശുചിമുറി വൃത്തിയാക്കിക്കാറുണ്ടായിരുന്നു എന്നും മാതാപിതാക്കൾ ആരോപിക്കുന്നു. മാതാപിതാക്കളുടെ പരാതിയിൽ പ്രിൻസിപ്പൽ റീനയ്ക്കും ഡ്രൈവർ അജയ്ക്കും എതിരെ പൊലീസ് കേസെടുത്തു.

  • Share This Article
Drisya TV | Malayalam News