മൊബൈൽ കണക്ഷൻ പോലെ എൽപിജി കണക്ഷനും പോർട്ട് ചെയ്യാവുന്ന പുതിയ നിയമങ്ങളും മാർഗനിർദേശങ്ങളും കൊണ്ടുവരാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി). ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനകാര്യങ്ങളിൽ തൃപ്‌തരല്ലെങ്കിലും മറ്റൊരു കമ്പനിയിലേക്ക് മാറാനായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമം നിലവിൽ വരുത്താനായി പിഎൻജിആർബി ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.
ഒക്ടോബർ പകുതിയോടെ അഭിപ്രായങ്ങൾ നൽകാം. അത് പരിശോധിച്ച് പുതിയ നിയമം രൂപവത്കരിക്കാനാണ് തീരുമാനം. നിലവിൽ ഉപഭോക്താക്കൾക്ക് എൽപിജി വിതരണക്കാരെ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളു. ഭാരത് ഗ്യാസാണ് നിങ്ങളുടെ കമ്പനിയെങ്കിൽ ഭാരത് ഗ്യാസിന്റെ ഒരു വിതരണക്കാരിൽ നിന്ന് മറ്റൊരു വിതരണക്കാരിലേക്ക് മാറാം.അതിൽ നിന്ന് ഇന്ത്യൻ ഓയിലിലേക്ക് മാറാൻ സാധിക്കില്ല. എന്നാൽ കണക്ഷൻ പോർട്ട് ചെയ്യാനുള്ള നിയമം വന്നാൽ നമുക്ക് മൊബൈൽ കണക്ഷൻ മാറും പോലെ ഗ്യാസ് കണക്ഷനും മാറാനാകും. ഗ്യാസ് സിലിൻഡറിന് ഒരേ വിലയാണെങ്കിൽ, ഇഷ്ടമുള്ള ഗ്യാസ് കമ്പനി തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകണം എന്നത് കണക്കിലെടുത്താണ് മാറ്റം.