ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിലെ ആദ്യ ക്രോസ് ഓവർ ബൈക്ക് എന്ന പേരിൽ എത്തുന്ന എക്‌സ് 47 ന്റെ ഷോറൂം വില 2.49 ലക്ഷം രൂപയാണ്. ആദ്യം ബുക്ക് ചെയ്യുന്ന 1000 ബൈക്കുകൾക്ക് മാത്രമായിരിക്കും ഈ വിലയെന്നും അതിന് ശേഷം 2.74 ലക്ഷം രൂപയായിരിക്കുമെന്നാണ് അൾട്രാവയലറ്റ് അറിയിക്കുന്നത്.ബുക്കിങ് ആരംഭിച്ചെന്നും ഒക്ടോബർ 25 മുതൽ വിതരണം ആരംഭിക്കും.
നിലവിൽ ഇന്ത്യൻ ഇരുചക്രവാഹനങ്ങളിലെ ഏറ്റവും വലിയ ബാറ്ററി പാക്കായ 10.7 കിലോവാട്ട് ബാറ്ററിയാണ് എക്സ് 47ൽ. ഒറ്റ ചാർജിൽ 323 കിലോമീറ്റർ (ഐഡിസി) വരെ റേഞ്ച് നൽകും ഈ ബൈക്ക്. 40 എച്ച്പി കരുത്തും 610 എൻഎം ടോർക്കും നൽകുന്ന മോട്ടറാണ് വാഹനത്തിൽ. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാൻ 2.7 സെക്കൻഡും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.1 സെക്കൻഡും മാത്രം മതി. ഉയർന്ന വേഗം 145 കിലോമീറ്റർ. 1.6 kW ഓൺബോർഡ് ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമെന്നാതാണ് മറ്റൊരു പ്രത്യേകത. മോട്ടർസൈക്കിളിന്റെ ഷാസിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഇത് ഒരു എയർ-കൂൾഡ് യൂണിറ്റാണ് ഓൺബോർഡ് ചാർജർ. സർജ് പ്രൊട്ടക്ഷൻ, എർത്ത് ലീക്കേജ് പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സവിശേഷതകളും ഇതിലുണ്ട്.
അഡ്വഞ്ചർ സ്പോർട് ബൈക്കുകളുടെ ലുക്കിലെത്തുന്ന ഈ വാഹനം ഓൺറോഡിനും ഓഫ് റോഡിനും ഒരുപോലെ ഇണങ്ങും.ചെറിയ വിൻഡ് ഷീൽഡും ആംഗുലർ ഡിസൈനിലുള്ള ഫെൻഡറും സിംഗിൾ സീറ്റും വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്.ബൈക്കിന് ചേരുന്നതുപോലുള്ള വൈഡ് ഹാൻഡിൽ ബാറും നക്കിൾ ഗാർഡുമുണ്ട്.
എഡിഎഎസുമായി ഇന്ത്യൻ വിപണിയിലെത്തുന്ന ആദ്യ ബൈക്കാണ് എക്സ് 47. യുവി ഹൈപ്പർസെൻസ് എന്ന് പേരിട്ടിരിക്കുന്ന ഈ എഡിഎഎസിൽ 200 മീറ്റർ വരെ മുന്നിൽ കണ്ട് സുരക്ഷ ഒരുക്കാൻ കപ്പാസിറ്റിയുടെ റെഡാർ, ബ്ലൈന്റ് സ്പോട്ട് മോണിറ്ററിങ്, ഓവർടേക് അലേർട്ട്, ലൈൻ ചേഞ്ച് അസിസ്‌റ്റ്, റിയർ കൊളീഷൻ വാണിങ്, 150 ഡിഗി ഫ്രണ്ട് വ്യൂ, 68 ഡിഗ്രി ബാക ന്യൂ എന്നീ ഫീച്ചറുകളുണ്ട്.
ബൈക്കിന്റെ വേഗം, റേഞ്ച്, ഓഡോമിറ്റർ എന്നിവ കാണിക്കുന്ന സ്ക്രീനാണ് കൺസോളിൽ. കൂടാതെ എഡിഎഎസ് ഫീച്ചറുകളുടെ വിവരങ്ങൾ കാണിക്കുന്ന ഒരു സെക്കൻഡറി സ്ക്രീനുമുണ്ട്. ഉയർന്ന മോഡലിൽ മുന്നിലും പിന്നിലും ഡാഷ് ക്യാമും നൽകിയിട്ടുണ്ട്. ലേസർ, എയർസ്ട്രൈക്ക്, ഷാഡോ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുന്നത്.
മുൻവശത്ത് യുഎസ്ഡി ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കുന്നു. ബ്രേക്കിംഗ് പവറിനായി മുൻവശത്ത് ഒരു സിംഗിൾ ഡിസ്കും പിന്നിൽ ഒരു സിംഗിൾ ഡിസ്ക‌് ബ്രേക്കുമാണ്. കൂടാതെ, ഡ്യുവൽ -ചാനൽ എബിഎസ്, നാല് ലെവൽ ട്രാക്ഷൻ കൺട്രോൾ, 9 ലെവൽ റീജനറേഷൻ ബ്രേക്കിങ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ടോ അലേർട്ട് തുടങ്ങിയ ഫീച്ചറുകളും ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.