സെപ്റ്റംബർ ഒന്നിനുണ്ടായ വലിയ സൈബർ ആക്രമണത്തെ തുടർന്ന് ജഗ്വാർ ലാൻഡ് റോവർ (ജെഎൽആർ) തങ്ങളുടെ ആഗോള ഫാക്‌ടറികളിലൊന്നും ഒരു കാർ പോലും നിർമിക്കാതെ മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജെഎൽആറിന്റെ ആഗോള പ്രവർത്തനങ്ങളെയാണ് സൈബർ ആക്രമണം തടസ്സപ്പെടുത്തിയത്. സെപ്റ്റംബർ 24 വരെ ഉത്പാദനം നിർത്തിവെയ്ക്കുകയാണെന്നാണ് ബ്രാൻഡ് ഇപ്പോൾ അറിയിക്കുന്നത്.
ഉത്പാദനം നിർത്തിവെക്കുന്നത് നീട്ടിയതിനെക്കുറിച്ച് ജെഎൽആർ തങ്ങളുടെ ജീവനക്കാരെയും വിതരണക്കാരെയും പങ്കാളികളെയും ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. "നിലവിലെ ഉത്പാദനം നിർത്തിവെക്കൽ സെപ്റ്റംബർ 24 വരെ നീട്ടിയതായി സഹപ്രവർത്തകരെയും വിതരണക്കാരെയും പങ്കാളികളെയും അറിയിച്ചിട്ടുണ്ട്," എന്ന് കമ്പനി പ്രസ്താവിച്ചു.
സൈബർ സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ഘട്ടംഘട്ടമായി പ്രവർത്തനങ്ങൾ എങ്ങനെ പുനരാരംഭിക്കാം എന്ന് ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുകയാണെന്നും ജെഎൽആർ വ്യക്തമാക്കി. യുഎസ് താരിഫുകൾ ഉൾപ്പെടെ വർധിച്ചുവരുന്ന ചെലവുകൾ കാരണം ലാഭം കുറയുന്നതിൻ്റെ ബുദ്ധിമുട്ടുകൾ കമ്പനി ഇതിനകം തന്നെ നേരിടുന്നുണ്ടായിരുന്നു.ഇപ്പോൾ ഫാക്ടറികൾ പ്രവർത്തനരഹിതമായതോടെ, സൈബർ ആക്രമണം കൂടുതൽ സമ്മർദ്ദമുണ്ടാക്കിയിയിരിക്കുകയാണ്.
തങ്ങളുടെ ഐടി, സൈബർ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2023-ൽ ജെഎൽആർ, ടാറ്റ കൺസൾട്ടൻസി സർവീസസുമായി (ടിസിഎസ്) 800 മില്യൺ പൗണ്ടിന്റെ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ നടപടികൾ സ്വീകരിച്ചിട്ടും ബ്രാൻഡ് ആക്രമണത്തിന് ഇരയായി എന്നത്, ആഗോള ഭീമന്മാർക്ക് പോലും സൈബർ ഭീഷണികൾ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു.
തങ്ങളുടെ സിസ്റ്റങ്ങൾ സുരക്ഷിതമായി പുനഃസ്ഥാപിച്ച് പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കുക എന്നതാണ് ജെഎൽആറിന്റെ പ്രധാന മുൻഗണന. JLR-ൻ്റെ പ്രവർത്തനങ്ങൾ സുരക്ഷിതമായി പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിനായി പോലീസിനെയും സൈബർ സുരക്ഷാ വിദഗ്‌ധരെയും നിയോഗിച്ചിട്ടുണ്ട്.