എഥനോൾ കലർത്തിയ പെട്രോൾ വിലകൂടിയ കാറുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കകൾ ഉന്നയിച്ച് ചണ്ഡീഗഡിൽ നിന്നുള്ള റാലി ഡ്രൈവർ രത്തൻ ധില്ലൻ. വൈറലായ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, E20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഇന്ധനം നിറച്ച് ദിവസങ്ങൾക്കുള്ളിൽ ഒരു സുഹൃത്തിന്റെ ഫെരാരി സ്റ്റാർട്ട് ആയില്ലെന്ന് ധില്ലൻ അവകാശപ്പെട്ടു. ഇന്ധനവുമായി ബന്ധപ്പെട്ട എൻജിൻ തകരാറാണ് ഇതിന് കാരണമെന്ന് ടെക്നീഷ്യൻമാർ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
E20 ഇന്ധനം ടാങ്കുകളിൽ ഈർപ്പം അടിഞ്ഞുകൂടാൻ കാരണമാകുമെന്നും ഇത് വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്നും, പ്രത്യേകിച്ചും വല്ലപ്പോഴും മാത്രം ഓടിക്കുന്ന സൂപ്പർകാറുകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും ധില്ലൻ സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ ടാഗ് ചെയ്തുകൊണ്ട് എക്‌സിലാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്നതിനെതിരായ സോഷ്യൽ മീഡിയയിലെ രോഷപ്രകടനങ്ങൾ, തന്നെ രാഷ്ട്രീയമായി ലക്ഷ്യം വെക്കാനുള്ള ഒരു "പെയ്‌ഡ് ക്യാമ്പയിൻ" ആണെന്ന് നിതിൻ ഗഡ്‌കരി വ്യാഴാഴ്‌ച പറഞ്ഞിരുന്നു.വാഹന വ്യവസായം ഉൾപ്പെടെ ഈ രംഗവുമായി ബന്ധപ്പെട്ട എല്ലാവരുമായും E20 സംബന്ധിച്ച് വ്യക്തതവരുത്തിയിട്ടുണ്ടെന്നും ഗഡ്കരി വ്യക്തമാക്കിയിരുന്നു.