കശ്മീരിന്റെ അനശ്വരമായ സൗന്ദര്യം ആഘോഷിക്കുന്ന പുതിയ വോഡ്ക പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ മദ്യനിർമ്മാണ കമ്പനിയായ റാഡിക്കോ ഖൈതാൻ. ഇതോടെ കമ്പനി ലക്ഷ്വറി വോഡ്ക സെഗ്മെൻ്റിലേക്കുള്ള വരവറിയിച്ച് കഴിഞ്ഞു.
'ദി സ്പിരിറ്റ് ഓഫ് കശ്മീർ' എന്നാണ് ഈ വോഡ്കയുടെ പേര്. ഇത് വെറുമൊരു വോഡ്കയല്ല, കശ്മീരിൻ്റെ ആഢംബരവും പാരമ്പര്യവും ചേർന്ന മനോഹരമായ ഒരു അനുഭവമാണ് എന്നാണ് കമ്പനി പറയുന്നത്. ആദ്യം ഉത്തർപ്രദേശിലാണ് ഇത് പുറത്തിറക്കുന്നത്. ശേഷം, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും രാജ്യത്തെ മറ്റ് പ്രധാന സ്ഥലങ്ങളിലും ലഭ്യമാകും.
ഈ വോഡ്കയുടെ പ്രധാന ചേരുവ പാമ്പോർ കുങ്കുമപ്പൂവാണ്. ഇത് വളരെ അപൂർവമായ ഒന്നാണ്, നൂറ്റാണ്ടുകളായി രാജകുടുംബങ്ങൾക്കായി മാറ്റിവച്ചിരുന്ന അപൂര്‍വ ചേരുവയാണ് ഇത്. അതോടൊപ്പം തന്നെ ഹിമാലയൻ പർവതങ്ങളിലെ ശുദ്ധമായ ഉറവവെള്ളവും നല്ലയിനം ധാന്യങ്ങളും ഇതിൽ ചേർക്കുന്നു. ഇത് വോഡ്കയ്ക്ക് സവിശേഷമായ തെളിമയും മൃദുത്വവും നൽകുന്നു.
ഈ വോഡ്കയുടെ കുപ്പി പോലും കശ്മീരിന്റെ ഭംഗി ഓർമ്മിപ്പിക്കും. കശ്മീരിലെ ആകാശത്തിന്റെറെ നിറങ്ങളും മഞ്ഞുപൊതിഞ്ഞ മലകളും കുങ്കുമപ്പൂവുമെല്ലാം ഈ കുപ്പിയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കശ്മീരിലെ പർവത നീരുറവകളെ ഓർമ്മിപ്പിക്കുന്ന തിളക്കമുള്ള ക്രിസ്റ്റൽ ക്ലിയർ കോർക്ക് ഇതിന് മാറ്റുകൂട്ടുന്നു. ഉപയോഗം കഴിഞ്ഞാല്‍ ഈ കുപ്പി ഒരു അലങ്കാര വസ്തു പോലെയും സൂക്ഷിക്കാം.