''പരകാസ്റ്റ്'' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വിദേശ വനിതയുടെ വീഡിയോ പ്രത‍്യക്ഷപ്പെട്ടത്. കേരളത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് തുടങ്ങിയ ഇവർ നമ്മുടെ നാടിന്റെ കൾച്ചറിനെ പ്രശംസിക്കുന്നുണ്ട്. ഒപ്പം മലയാള സിനിമയെ കുറിച്ചും സംസാരിക്കുന്നുണ്ട്. യഥാർത്ഥ ജീവിതങ്ങളിലേക്ക് തുറന്നുപിടിച്ച കണ്ണാടിയാണ് മലയാള സിനിമയെന്ന് അവർ പറയുന്നു. ഒപ്പം നൻപകൽ നേരത്ത് മയക്കം, മലൈക്കോട്ടൈ വാലിബൻ, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയവയാണ് തന്റെ പ്രിയപ്പെട്ട മലയാള സിനിമകളെന്നും ഇവ കണ്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മനസിലങ്ങനെ തങ്ങിനിൽക്കുന്നുണ്ടെന്നും വിദേശ വനിത പറയുന്നുണ്ട്.
സിനിമകളെ കുറിച്ച് വാചാലയായതിന് പിന്നാലെയാണ് ബേസിൽ ജോസഫിനെ കുറിച്ച് അവർ പറയുന്നത്. "ഈ വീഡിയോയിൽ ബേസിൽ ജോസഫ് എപ്പോഴെങ്കിലും കമന്റ് ഇടുകയാണെങ്കിൽ, ഈ വർഷം ഞാൻ കേരളം സന്ദർശിക്കും. ഒഴികഴിവുകളില്ല. ഞാൻ വരും", എന്നായിരുന്നു അവരുടെ വാക്കുകൾ. വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ കമന്റുമായി മലയാളികളും രംഗത്ത് എത്തി. നിരവധി പേർ കമന്റിടാൻ ആവശ്യപ്പെട്ട് ബേസിൽ ജോസഫിനെ ടാഗ് ചെയ്യുന്നുമുണ്ട്.