ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യം മൂന്നിന്റെ പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് നിർമാതാക്കളായ ആശിർവാദ് സിനിമാസ്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നതുസംബന്ധിച്ച പുതിയ വിവരമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഒക്ടോബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പോസ്റ്റിൽ ഉള്ളത്.
ദൃശ്യം ആദ്യഭാഗത്തിലെ ഏറെ ശ്രദ്ധേയമായ, ജോർജുകുട്ടിയുടെ കണ്ണിന്റെ ക്ലോസ് അപ് ഷോട്ടിൽ തുടങ്ങുന്ന റീലിനൊപ്പമാണ് ആശിവാർദ് സിനിമാസ് അപ്ഡേറ്റ് പുറത്തുവിട്ടത്. 'ദൃശ്യം 3 ഉടൻ വരുന്നു', എന്ന് റീലിലുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ്, നായകൻ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ പരസ്പരം കൈകൊടുത്തും ആലിംഗനംചെയ്തും അഭിവാദ്യംചെയ്യുന്നതായി വീഡിയോയിൽ കാണാം. 'ലൈറ്റ്, ക്യാമറ, ഒക്ടോബർ', എന്നും വീഡിയോയിലുണ്ട്. '2025 ഒക്ടോബറിൽ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്നാണ് ക്യാപ്ഷനായി പങ്കുവെച്ചിരിക്കുന്നത്.
നേരത്തേ, ദൃശ്യം മൂന്നിന്റെ ചിത്രീകരണം സെപ്റ്റംബറിൽ തുടങ്ങുമെന്ന് സാമൂഹികമാധ്യമങ്ങളിൽ വ്യാപകപ്രചാരണമുണ്ടായിരുന്നു. ഇത് തള്ളുന്നതാണ് നിർമാതാക്കളുടെ പുതിയ പ്രഖ്യാപനം. കഴിഞ്ഞദിവസം ചിത്രത്തിന്റെ തിരക്കഥയിൽനിന്നുള്ള ഒരുചിത്രം ജീത്തു സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.