Drisya TV | Malayalam News

സി.ഇ.ടി. എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പിന് പത്ത് കോടി രൂപ അനുവദിച്ച് യു.കെയിലുള്ള കണ്‍സ്ട്രക്ഷന്‍ കമ്പനി

 Web Desk    5 Jan 2025

വിദ്യാര്‍ത്ഥികളുടെ സ്റ്റാര്‍ട്ടപ്പായ ലാവോസ് ഡിവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് യു.കെ. ആസ്ഥാനമായുള്ള കമ്പനിയില്‍നിന്ന് പത്തുകോടി രൂപയുടെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ലഭിച്ചത്. യു.കെ.യിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ഇഗ്നിവിയ ഗ്രൂപ്പില്‍നിന്നാണ് വിദ്യാര്‍ഥികളുടെ ആശയത്തിന് ഫണ്ട് ലഭിച്ചത്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇനവേഷന്‍ ആന്‍ഡ് ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഡിവലപ്മെന്റ് സെന്റേഴ്സ് പ്രോഗ്രാമിനു കീഴില്‍ സ്ഥാപിച്ചതാണ് സി.ഇ.ടി. വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ടപ്പ്. ആര്‍ക്കിടെക്ചറല്‍ വിദ്യാര്‍ഥിയായ ഉസ്മാന്‍ എ.ആശാന്‍ സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് ബിരുദധാരിയായ കെ.ശ്രീലാല്‍ സി.ഒ.ഒ.യുമാണ്.

പ്രോപ്പര്‍ട്ടി നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയെ സ്റ്റാര്‍ട്ടപ്പ് പ്രയോജനപ്പെടുത്തുന്നു. റിയല്‍വേള്‍ഡ് അസറ്റ് ടോക്കണൈസേഷനിലും റിയല്‍ എസ്റ്റേറ്റിലെ ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പിലുമാണ് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സങ്കീര്‍ണമായ നിര്‍മാണപദ്ധതികള്‍ കൈകാര്യം ചെയ്യാവുന്നതാക്കി മാറ്റുന്നതിനും സമയപരിധി ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന വിധത്തിലാണ് സ്റ്റാര്‍ട്ടപ്പ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. ആര്‍ക്കിടെക്ടുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ കാര്യക്ഷമമായ ഏകോപനം ഉറപ്പാക്കി വാസ്തുവിദ്യ, നിര്‍മാണപദ്ധതികള്‍ക്കായി ലാവോസ് പ്രോജക്ട് മാനേജ്മെന്റ് സൊല്യൂഷനുകള്‍ നല്‍കുന്നു. ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശവും സാധ്യമാക്കുന്നു.

  • Share This Article
Drisya TV | Malayalam News