പ്ലസ് ടു എന്തു പഠിച്ചോ ഡിഗ്രി ഏതു പഠിച്ചോ എന്നത് ഇനി തുടർ പഠനത്തിന് ഒരു തടസ്സമാകില്ല. ആ പ്രശ്നത്തിന് ഒരു പരിഹാരമാകുകയാണ്. ബിരുദ-ബിരുദാനന്തര പ്രവേശനത്തിന് വലിയ മാറ്റങ്ങൾ വരാൻ പോകുകയാണ്.ദേശീയ തലത്തിലോ സർവകലാശാല തലത്തിലോ ഉള്ള പ്രവേശന പരീക്ഷയിലൂടെ യോഗ്യത നേടിയ ശേഷം ഇഷ്ടവിഷത്തിൽ ഇനി ഡിഗ്രിയും പിജിയും പഠിക്കാൻ വഴിയൊരുക്കുകയാണ് യുജിസി.യുജി, പിജി പഠനത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ചട്ടങ്ങൾ കഴിഞ്ഞ ദിവസം യുജിസി പ്രസിദ്ധീകരിച്ചു.
വർഷത്തിൽ രണ്ടു തവണ പ്രവേശനം നേടാമെന്നതാണ് വരാൻ പോകുന്ന മറ്റൊരു പ്രധാന മാറ്റം. സർവകലാശാലകൾക്ക് പകരം കോളേജുകൾക്കും സ്ഥാപനങ്ങൾക്കും കുറഞ്ഞ ഹാജർനില നിശ്ചയിക്കാവുന്ന ഭേദഗതിയും ശുപാർശ ചെയ്യുന്നുണ്ട്. ഇന്റേൺഷിപ് നിർണായകമാകുന്നതടക്കമുള്ള മറ്റു ചില ഭേദഗതികളും യുജിസി കൊണ്ടുവരാനിരിക്കുകയാണ്.