കമ്പനിയിൽ ചേർന്ന് ഒരുമണിക്കൂർ മാത്രം സമയമായ ഇന്റേണിനടക്കമാണ് ജോലി നഷ്ടമായത്. ടീം കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോമായ സ്ലാക്കിൽ അയച്ച മെസേജിലാണ് കമ്പനി 111 ജീവനക്കാരിൽ 99 പേരേയും പിരിച്ചുവിട്ടത്.പിരിച്ചുവിടപ്പെട്ട ഇന്റേൺ ആണ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടടക്കം സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. സംഗീതോപകരണങ്ങൾ വിൽക്കുന്ന കമ്പനിയാണിത്. ''രാവിലത്തെ മീറ്റിങ്ങിൽ പങ്കെടുക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ഇത് ഔദ്യോഗിക സന്ദേശമായി പരിഗണിക്കുക, നിങ്ങളെല്ലാവരും പിരിച്ചുവിടപ്പെട്ടിരിക്കുന്നു'' എന്നാണ് സന്ദേശത്തിലുള്ളത്. നിങ്ങൾ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു, കരാർ പ്രകാരം പാലിക്കേണ്ട ഉത്തരവാദിത്വങ്ങളിൽ അലംഭാവമുണ്ടായി, നിങ്ങൾ പങ്കെടുക്കേണ്ട യോഗത്തിൽനിന്ന് വിട്ടുനിന്നുവെന്നും പിരിച്ചുവിടൽ സന്ദേശത്തിൽ ആരോപിക്കുന്നു.
നമുക്കിടയിലുള്ള എല്ലാ കരാറും റദ്ദാക്കും. നിങ്ങളുടെ കൈവശം കമ്പനിയുടേതായി എന്തെങ്കിലുമുണ്ടെങ്കിൽ തിരിച്ചുതരണം. എല്ലാ അക്കൗണ്ടുകളും സൈൻ ഔട്ട് ചെയ്യണം. സ്ലാക്കിൽനിന്ന് ഉടൻ തന്നെ സ്വയം ഒഴിഞ്ഞുപോകണമെന്നും സി.ഇ.ഒ. പറയുന്നു. നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും കഠിനമായി ജോലി ചെയ്യാനും വളരാനും ഒരു അവസരം തന്നു. അത് നിങ്ങൾ ഗൗരവമായി എടുത്തില്ലെന്ന് മനസിലാക്കിത്തന്നു. 110 പേരിൽ 11 പേർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. അവരൊഴികെ മറ്റെല്ലാവരും പിരിച്ചുവിടപ്പെട്ടിരിക്കുന്നുവെന്നും സി.ഇ.ഒ. പറയുന്നു. ''എന്റെ ബിസിനസിൽനിന്ന് ഇപ്പോൾ ഇറങ്ങി പോകണം'', എന്ന് കുറിച്ചാണ് സന്ദേശം അവസാനിപ്പിക്കുന്നത്.