Drisya TV | Malayalam News

ജീവനക്കാരെ പിരിച്ചുവിട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഓഫീസില്‍ സൗജന്യ ചായയും കാപ്പിയുമായി ഇന്റൽ 

 Web Desk    13 Nov 2024

ജീവനക്കാര്‍ക്ക് ഓഫീസില്‍ സൗജന്യ ചായയും കാപ്പിയും നല്‍കുന്ന പരിപാടി തിരികെ കൊണ്ടുവരാന്‍ ആലോചിക്കുകയാണ് ലോകത്തെ പ്രധാന ചിപ് നിര്‍മാണ കമ്പനികളൊന്നായ ഇന്‍റല്‍.ചിലവ് ചുരുക്കലിന്‍റെ ഭാഗമായി ആയിരക്കണക്കിന് ജോലിക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് 2024ല്‍ കുപ്രസിദ്ധി നേടിയ ടെക് ഭീമന്‍മാരായ ഇന്‍റല്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ ഫ്രീ ചായയും കാപ്പിയും നല്‍കുന്നത് തിരികെ കൊണ്ടുവരാനുള്ള പുതിയ നീക്കത്തിലൂടെ കൂടുതല്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്.തൊഴിലിടത്ത് ജീവനക്കാരുടെ മനോവീര്യം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കമെന്ന് ഇന്‍റല്‍ പറയുന്നു. 'ഇപ്പോഴും ഇന്‍റല്‍ ചിലവില്‍ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇത്തരം ചെറിയ സുഖസൗകര്യങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് വിശ്വാസം. ഇതൊരു ചെറിയ ചുവടുവെപ്പ് മാത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ തൊഴിലിട സംസ്കാരത്തെ ഉത്തേജിപ്പിക്കാന്‍ ഈ പരിപാടിക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നതായും' ജീവനക്കാര്‍ക്ക് ഇന്‍റല്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. ഓഗസ്റ്റ് മാസം ഇന്‍റല്‍ ചിലവ് ചുരുക്കല്‍ കാരണം പറഞ്ഞ് 15,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിരിച്ചുവിടല്‍, സ്വയം പിരിഞ്ഞുപോകല്‍ എന്നിവ വഴിയായിരുന്നു 15,000 ഇന്‍റല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടത്. ഇന്‍റര്‍നെറ്റ്, ഫോണ്‍, യാത്രാ ചിലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ എന്നിവ വെട്ടിക്കുറയ്ക്കുമെന്നും ഇന്‍റല്‍ അന്ന് ജീവനക്കാരെ അറിയിച്ചിരുന്നു.

  • Share This Article
Drisya TV | Malayalam News