ദിവസവും ഏഴ് മുതൽ ഒൻപതു മണിക്കൂർ വരെ ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആരോഗ്യവിദഗ്ധർ നമ്മെ നിരന്തരം ഓർമപ്പെടുത്തുമ്പോൾ ദിവസവും വെറും അര മണിക്കൂർ മാത്രം ഉറങ്ങി നമ്മെ അത്ഭുതപ്പെടുത്തുകയാണ് ജപ്പാനിലെ ഡൈസുകെ ഹോരി എന്ന 40 കാരൻ. കഴിഞ്ഞ 15 വര്‍ഷമായി ഇതാണ് ഇയാളുടെ ഉറക്കരീതി. ഏഴെട്ട് മണിക്കൂര്‍ ഉറങ്ങാതിരിക്കുന്നത് കൊണ്ട് തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്ന് ഡൈസുകെ പറയുന്നു. താന്‍ അതീവ സന്തുഷ്ടനാണെന്നും ബോഡി ബില്‍ഡര്‍ കൂടിയായ ഇദ്ദേഹം പറയുന്നു. ജോലി, വ്യായാമം, ഹോബി, കുട്ടികളുടെയും വളർത്തു മൃഗങ്ങളുടെയുമൊക്കെയായ ദിവസത്തിലെ ബാക്കി ഇരുപത്തിമൂന്നര മണിക്കൂർ ബിസിയാണ് ഡൈസുകെ.ആഴ്‌ചയില്‍ 7 ദിവസവും വര്‍ക്ക് ഔട്ട് ചെയ്യും. ദിവസവും 10 മണിക്കൂർ വരെ ജോലി ചെയ്യുന്നു. ജോലിയിൽ നിന്ന് അവധി എടുക്കാറില്ലെന്നും അദ്ദേഹം പറയുന്നു. പല ദിവസങ്ങളില്‍ ഈ ഷെഡ്യൂള്‍ മാറിക്കൊണ്ടിരിക്കുമെങ്കിലും അര മണിക്കൂര്‍ ഉറക്കത്തിന്റെ കാര്യത്തില്‍ മാറ്റമില്ല. ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന ചിന്തയാണ് ഡൈസുകെയെ ഈ അരമണിക്കൂര്‍ ഉറക്കത്തിലേക്ക് നയിച്ചത്.ഒന്നര മണിക്കൂര്‍ വീതം ദിവസത്തില്‍ രണ്ടെന്ന കണക്കില്‍ ജിമ്മില്‍ ചെലവഴിക്കുന്ന ഡൈസുകെ ബോഡിബിള്‍ഡിങ് മത്സരങ്ങളിലെ സ്ഥിരസാന്നിധ്യമാണ്. ഏഴ് മണിക്കൂറില്‍ നിന്ന് ദിവസവും രണ്ട് മണിക്കൂറായി ഉറക്കം പരിമിതപ്പെടുത്താന്‍ ഭാര്യയെയും പരിശീലിപ്പിച്ചതായി ഇദ്ദേഹം പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ ദിവസം മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങിയിരുന്ന മകന്‍ ഇപ്പോള്‍ നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഉറങ്ങാറുണ്ടെന്നും ഡൈസുകെ കൂട്ടിച്ചേര്‍ത്തു. ഉറക്കം പരിമിതപ്പെടുത്താനുള്ള പരിശീലനം മറ്റുള്ളവര്‍ക്കും ഡൈസുകെ നല്‍കുന്നുണ്ട്.എന്നാൽ ഡൈസുകെയുടെ ഉറക്കശീലം അനുകരിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.