Drisya TV | Malayalam News

നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

 Web Desk    20 Oct 2025

പതിവുതെറ്റിക്കാതെ ഇത്തവണയും രാജ്യത്തിന്റെ സായുധ സേനയ്‌ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുട ദീപാവലി ആഘോഷം. തിങ്കളാഴ്ച ഗോവയുടേയും കാർവാറിന്റേയും തീരത്ത് ഐഎൻഎസ് വിക്രാന്തിൽ നാവിക സേനാംഗങ്ങൾക്കൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചത്.

ഈ പുണ്യോത്സവം സൈനികർക്കൊപ്പം ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി നാവിക സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. "ഇന്ന് അത്ഭുതകരമായ ഒരു ദിവസമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്. ഒരു വശത്ത് സമുദ്രവും മറു വശത്ത് ഭാരതാംബയുടെ ധീരരായ സൈനികരുടെ ശക്തിയുമുണ്ട്. പ്രധാനമന്ത്രി മോദി പറഞ്ഞു. എന്റെ ഒരു വശത്ത് അനന്തമായ ചക്രവാളവും ആകാശവുമുണ്ട്, മറുവശത്ത് അനന്തമായ ശക്തി ഉൾക്കൊള്ളുന്ന അതികായനായ ഐഎൻഎസ് വിക്രാന്തും. സമുദ്രജലത്തിൽ പതിക്കുന്ന സൂര്യരശ്മികളുടെ തിളക്കം ധീരരായ സൈനികർ തെളിയിച്ച ദീപാവലി വിളക്കുകൾ പോലെയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, ഇന്ത്യൻ സായുധ സേനയുടെ കഴിവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "കുറച്ച് മാസങ്ങൾക്ക് മുൻപ്, വിക്രാന്ത് പാകിസ്താന്റെ ഉറക്കം കെടുത്തിയത് നമ്മൾ കണ്ടതാണ്", ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. നാവികസേന ഉളവാക്കിയ ഭയം, വ്യോമസേന പ്രകടിപ്പിച്ച അസാധാര വൈദഗ്ധ്യം, കരസേനയുടെ ധീരത, എന്നിവയോടൊപ്പം മൂന്ന് സേനകളും തമ്മിലുള്ള അസാമാന്യമായ ഏകോപനവും ദിവസങ്ങൾക്കുള്ളിൽ പാകിസ്താനെ മുട്ടുകുത്തിച്ചതായി അദ്ദേഹം പറഞ്ഞു.

ഐഎൻഎസ് വിക്രാന്ത് ഒരു യുദ്ധക്കപ്പൽ മാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിബദ്ധത എന്നിവയുടെ സാക്ഷ്യപത്രം കൂടിയാണ് എന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.” ഐഎൻഎസ് വിക്രാന്തിൽ ഇന്നലെ രാത്രി ഞാൻ ചെലവഴിച്ച അനുഭവം വാക്കുകൾക്ക് അതീതമാണ്. നിങ്ങളെല്ലാവരും എത്രമാത്രം ഊർജ്ജസ്വലരും ആവേശഭരിതരുമായിരുന്നു. നിങ്ങൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നതും നിങ്ങളുടെ പാട്ടുകളിലൂടെ ഓപ്പറേഷൻ സിന്ദൂറിനെ വർണ്ണിച്ച രീതിയും ഗംഭീരമായിരുന്നു. ഒരു യുദ്ധക്കളത്തിൽ നിൽക്കുന്ന ജവാന് അനുഭവപ്പെടുന്ന അനുഭവം പൂർണ്ണമായി വിവരിക്കാൻ ഒരു വാക്കിനും കഴിയില്ല," അദ്ദേഹം പറഞ്ഞു.

അദ്ദേഹം ആഘോഷങ്ങളുടെ ചിത്രങ്ങൾ എക്സിൽ പോസ്റ്റ് ചെയ്തു. "എല്ലാവരും അവരുടെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്നു. ഞാനും അങ്ങനെതന്നെ, അതുകൊണ്ടാണ് നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്ന സൈനികരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഞാൻ എല്ലാ വർഷവും കാണുന്നത്. അദ്ദേഹം കുറിച്ചു.

  • Share This Article
Drisya TV | Malayalam News