Drisya TV | Malayalam News

ലൂവ്ര് മ്യൂസിയത്തിൽ നിന്ന് ഫ്രഞ്ച് ആഭരണങ്ങൾ മോഷണം പോയി

 Web Desk    20 Oct 2025

രത്നാഭരണങ്ങളുമായി കടക്കുന്നതിനിടെ മോഷ്ടാക്കളുടെ കയ്യിൽനിന്ന് താഴെ വീണത് 19–ാം നൂറ്റാണ്ടിലെ രത്നകിരീടം. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായിരുന്ന യൂജീൻ അണിഞ്ഞിരുന്ന കിരീടമാണത്. കിരീടത്തിന് ഇപ്പോൾ കേടുപാടുണ്ട്. സ്വർണത്തിൽ കൊത്തിയ പരുന്തിന്‍റെ രൂപങ്ങളുള്ള ഈ കിരീടത്തിൽ 1354 വജ്രങ്ങളും 56 മരതകക്കല്ലുകളുമാണ് പതിച്ചിട്ടുള്ളത്. മോഷ്ടാക്കൾ മ്യൂസിയത്തിലെ 'അപ്പോളോ ഗാലറിയിൽ' പ്രദർശിപ്പിച്ചിരുന്ന ഫ്രഞ്ച് കിരീടാഭരണ ശേഖരത്തിലെ വിലമതിക്കാനാവാത്ത എട്ട് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മ്യൂസിയത്തിന്‍റെ ഭാഗത്ത് നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇവിടെനിന്ന് ബാസ്കറ്റ് ലിഫ്റ്റ് ഉപയോഗിച്ച് മൂന്നോ നാലോ മോഷ്ടാക്കൾ ഗാലറിയിലെത്തിയാണ് കൃത്യം നിർവഹിച്ചത്. മോഷണത്തിന് പിന്നാലെ ഇതേവഴി പുറത്തെത്തി മോട്ടോർ സൈക്കിളിൽ രക്ഷപെടുകയും ചെയ്തു. മോഷണം നടന്നതിനെത്തുടർന്ന് മ്യൂസിയം അടച്ചു. മോഷ്ടാക്കൾക്ക് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.

സഞ്ചാരികളുടെ മാത്രമല്ല, കവർച്ച‍ക്കാരുടെയും പ്രിയ മ്യൂസിയമാണ് പാരിസിലെ ലൂവ്ര്. ലിയനാർദോ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് സൃഷ്ടിയായ മൊണലിസയെ മോഷ്ടിച്ചതുൾപ്പെടെ പല കവർച്ചകളുടെ വലിയ ചരിത്രമുള്ള മ്യൂസിയം കൂടിയാണിത്. 1911ൽ മ്യൂസിയം ജീവനക്കാരിലൊരാളാണ് മുറിക്കുള്ളി‍ൽ ഒളിച്ചിരുന്ന് ആ ലോകപ്രശസ്ത പെയ്ന്റിങ് കൈക്കലാക്കി പുറത്തുകടത്തിയത്. രണ്ട് വർഷത്തിന് ശേഷം ഫ്ലോറൻസിൽനിന്ന് മോണലിസയെ തിരികെക്കിട്ടി. പെയ്ന്റിങ് വിശ്വപ്രസിദ്ധമായത് ഈ മോഷണത്തിനുശേഷമാണ്.

12-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫിലിപ്പ് രണ്ടാമൻ രാജാവ് പാരിസ് നഗരത്തെ സംരക്ഷിക്കാൻ നിർമിച്ച ഒരു കോട്ടയായിരുന്നു ലൂവ്ര്. പിന്നീട് ഫ്രാൻസിസ് ഒന്നാമൻ രാജാവിന്റെ കാലത്ത് (16-ാം നൂറ്റാണ്ട്) ഇത് രാജാക്കന്മാരുടെ കൊട്ടാരമായി രൂപാന്തരപ്പെട്ടു. ലൂയി പതിനാലാമൻ രാജാവ് വേഴ്സായിലെ കൊട്ടാരത്തിലേക്ക് താമസം മാറിയതോടെ ലൂവ്ര് ഒരു കലാശേഖരണ കേന്ദ്രമായി മാറി. ഫ്രഞ്ച് വിപ്ലവകാലത്ത് രാജ്യത്തിന്റെ കലാസൃഷ്ടികൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കാൻ വേണ്ടി 1793 ആഗസ്റ്റ് 10ന് ലൂവ്ര് ഔദ്യോഗികമായി ഒരു പൊതു മ്യൂസിയമായി തുറന്നു.

  • Share This Article
Drisya TV | Malayalam News