അർജന്റീനാ ടീമിനൊപ്പം അവസാന മത്സരം കളിക്കാനൊരുങ്ങി ലയണൽ മെസ്സി. ഒക്ടോബർ ആറിന് ബ്യൂണസ് ഐറിസിലെ മോനുമെന്റൽ സ്റ്റേഡിയത്തിൽ ബെനിനുമായി നടക്കുന്ന സൗഹൃദ മത്സരത്തിലാകും മെസ്സി കളത്തിലിറങ്ങുക.അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മെസ്സിക്ക് അർഹമായ യാത്രയയപ്പ് നൽകിക്കൊണ്ട് ഒക്ടോബർ ആറിലെ മത്സരം അദ്ദേഹത്തിനായി സമർപ്പിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയ സ്ഥിരീകരിച്ചു.
'എല്ലാ അർജന്റീന ആരാധകരോടും, ദേശീയ ടീം പരിശീലകൻ ലയണൽ സ്കലോണിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനും, ഞങ്ങളുടെ ദേശീയ ടീമിന്റെ മുഖമുദ്രയും, ഞങ്ങളുടെ ക്യാപ്റ്റനുമായ ലയണൽ ആന്ദ്രേസ് മെസ്സിയെ ഇവിടെ അർജന്റീനയിൽ ഒക്ടോബർ ആറിന് അദ്ദേഹം അർഹിക്കുന്ന വിടവാങ്ങൽ നൽകുന്നതിനായി ക്ഷണിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
മെസ്സി ക്ഷണം സ്വീകരിച്ചതിനെത്തുടർന്ന്, ഖത്തറിൽ അദ്ദേഹത്തോടൊപ്പം കളിച്ച 2022-ലെ ലോകകപ്പ് വിജയികളായ എല്ലാ താരങ്ങളെയും കുടുംബത്തോടൊപ്പം ഈ അവിസ്മരണീയ മത്സരത്തിൽ പങ്കുചേരാൻ ഞങ്ങൾ ക്ഷണിക്കാൻ തീരുമാനിച്ചു. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ്റെ 'അവസാന ടാൻഗോ (ലാസ്റ്റ് ഡാൻസ്)' കാണാൻ ഞങ്ങൾ എല്ലാ അർജന്റീനക്കാരെയും ദേശീയ ടീം ആരാധകരെയും ക്ഷണിക്കുന്നു."- ടാപിയ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.