ഇമിഗ്രേഷൻ പരിശോധനയില്ലാതെ മൂന്നു ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിമാനത്താവളം വഴി രാജ്യം വിട്ടു. എയർ ഇന്ത്യയുടെ പാസഞ്ചർ ഹാൻഡ്‌ലിങ് സിസ്റ്റത്തിലെ ഗുരുതര സുരക്ഷ വീഴ്ചയിൽ സിവിൽ വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ നാലിനാണ് സംഭവം. പുലർച്ചെ 12.50ന് അമൃത്‌സറിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ–1115 വിമാനത്തിലാണ് മൂന്ന് ഇറ്റാലിയൻ പൗരന്മാർ ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഒരു മണിക്കൂറിനുശേഷം 1.45ഓടെ മ്യൂണിക്കിലേക്കുള്ള ലുഫ്താൻസയുടെ എൽഎഫ്0763 വിമാനത്തിൽ മൂവരും പോകുകയും ചെയ്തു. ഇന്ത്യ വിടുന്നതിനു മുമ്പ് ഇവർ ഇമിഗ്രേഷൻ പരിശോധനക്ക് ഹാജരായിരുന്നില്ല. ചെറിയ വിമാനത്താവളങ്ങളിൽനിന്നുള്ള യാത്രക്കാരെ ഒരു പ്രധാന ഹബിലേക്ക് എത്തിച്ച ശേഷം അന്താരാഷ്ട്ര വിമാനത്തിലേക്ക് മാറ്റുന്ന എയർ ഇന്ത്യയുടെ ഹബ്-ആൻഡ്-സ്പോക്ക് (hub-and-spoke) സംവിധാനത്തിലാണ് മൂന്ന് യാത്രക്കാരും യാത്ര ചെയ്തതെന്ന് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടിസിൽ പറയുന്നു.
ഇവർക്ക് ഡൊമസ്റ്റിക് ബോർഡിങ് പാസുകളാണ് നൽകിയിരുന്നത്. എന്നാൽ, അമൃത്‌സറിൽവെച്ചുതന്നെ ഇവർക്ക് മ്യൂണിക്കിലേക്കുള്ള വിമാനത്തിന്റെ ബോർഡിങ് പാസുകളും നൽകിയിരുന്നു. ഡൽഹിയിൽ എത്തുമ്പോൾ തന്നെ യാത്രക്കാരെ അന്താരാഷ്ട്ര യാത്രക്കാരായി തിരിച്ചറിഞ്ഞ് ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് വിടേണ്ടിയിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ അതിനു പകരം യാത്രക്കാരെ നേരിട്ട് 39ാം ഗേറ്റിൽ എത്തിക്കുകയായിരുന്നു. അതോടെ ഇമിഗ്രേഷൻ പോയിന്റിലെത്താതെ തന്നെ ഇറ്റാലിയൻ പൗരന്മാർക്ക് ലുഫ്താൻസ് വിമാനത്തിൽ കയറാനായി.
ആഭ്യന്തര (ഡി) ബോർഡിങ് പാസ്, രാജ്യാന്തര യാത്രക്കാർക്കായി ഐ ബോർഡിങ് പാസ് എന്നീ രണ്ട് ബോർഡിങ് പാസുകൾ നൽകാൻ മാത്രമേ എയർ ഇന്ത്യക്ക് അനുവാദമുള്ളൂ. നിശ്ചിത സമയപരിധിക്കുള്ളിൽ എയർ ഇന്ത്യ മറുപടി നൽകിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.