2026 ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി തപാൽ വോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം തടഞ്ഞ് അമേരിക്കൻ സുപ്രീം കോടതി. വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.ട്രംപിന്റെ അവസാനനിമിഷത്തെ നിയമപോരാട്ടങ്ങൾക്ക് വിരാമമിട്ടുകൊണ്ട് തപാൽ ബാലറ്റ് നിയന്ത്രണങ്ങൾ സുപ്രീം കോടതി താൽക്കാലികമായി തള്ളി. ഈ ഉത്തരവിലൂടെ, വർഷങ്ങളായി പിന്തുടരുന്ന അതേ രീതിയിൽതന്നെ തപാൽ ബാലറ്റുകൾ അയക്കുന്നത് തുടരാൻ സംസ്ഥാനങ്ങൾക്ക് അനുമതി ലഭിക്കും.
അർഹരായ വോട്ടർമാരുടെ പട്ടിക മുൻകൂട്ടി സമർപ്പിക്കണമെന്നും തപാൽ സംവിധാനത്തിൽ മാറ്റം വരുത്തണമെന്നുമായിരുന്നു ഭരണകൂടത്തിന്റെ ആവശ്യം. യുഎസ്. കോൺഗ്രസിന്റെ നിയന്ത്രണം ആര് നേടുമെന്ന് നിശ്ചയിക്കുന്ന നിർണായകമായ നവംബർ തിരഞ്ഞെടുപ്പിന് മുൻപായി നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ വഴിയൊരുക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ മൂന്നിലൊന്ന് വോട്ടർമാരും തപാൽ വഴിയാണ് വോട്ട് ചെയ്യുന്നത് എന്നതിനാലാണ് ഈ കേസിന് വലിയ പ്രാധാന്യമുണ്ടായത്. എന്നാൽ, ഈ നിയന്ത്രണങ്ങൾ വോട്ടവകാശത്തെ തടസപ്പെടുത്തുമെന്ന് സിവിൽ സർവീസ് സംഘടനകളും വിവിധ സംസ്ഥാനങ്ങളും വാദിച്ചു. നിലവിലുള്ള വോട്ടിങ് രീതികൾ തുടരാൻ അനുവദിക്കുന്ന ഈ വിധി വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
'ഡിസ്ട്രിക്റ്റ് കോടതിയുടെ പ്രാഥമിക സ്റ്റേ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സർക്കാർ ഉന്നയിച്ച വാദങ്ങളിൽ വിജയം നേടാൻ സാധ്യതയില്ല. മാത്രമല്ല, ഈ കോടതിയിൽനിന്ന് അടിയന്തിര ആശ്വാസം നേടുന്നതിനുള്ള സമത്വ ഘടകങ്ങൾ സ്റ്റേ അനുവദിക്കുന്നതിന് അനുകൂലവുമല്ല.' എന്നാണ് ഒറ്റഖണ്ഡിക ഉത്തരവിൽ കോടതി പറയുന്നത്.
സർക്കാരിന് വിജയസാധ്യത ഉണ്ടെന്ന് വിശ്വസിക്കുന്നെങ്കിലും, തിരഞ്ഞെടുപ്പ് ദിവസത്തിന് തൊട്ടുമുമ്പ് ഇത് നടപ്പാക്കുന്നത് 'തന്നിഷ്ടപരവും അനിയന്ത്രിതവുമാണ്്' എന്നാണ് (arbitrary and capricious) അനുബന്ധ അഭിപ്രായം (concurrence) രേഖപ്പെടുത്തിയ ജസ്റ്റിസ് ബ്രെറ്റ് കാവനോ വിധിന്യായത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സാമുവൽ അലിറ്റോയും അദ്ദേഹത്തോടൊപ്പം ജസ്റ്റിസ് ക്ലാരൻസ് തോമസും ഉത്തരവിനോട് വിയോജിപ്പ് (dissent) പ്രകടിപ്പിച്ചിട്ടുണ്ട്.