കരയിലും കടലിലും ന്യൂന മർദ്ദങ്ങൾ രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാൾ ഉൾകടലിനു മുകളിൽ പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്തിനു സമീപം ന്യൂന മർദ്ദം രൂപപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളിൽ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. മധ്യപ്രദേശിന് മുകളിൽ മറ്റൊരു ന്യൂന മർദ്ദം തുടരുന്നുമുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്നും ഒറ്റപെട്ടയിടങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
നാളെയും മറ്റന്നാളും നിലവിലെ മഴയിൽ നിന്നും കൂടുതൽ പ്രദേശങ്ങളിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും 14ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ടാണ്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.