യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്നികളിൽനിന്നു പിരിച്ചെടുത്ത 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പിന്നാലെ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണന് (25) എതിരെയാണു നടപടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടിലാഭം മോഹിച്ച് ഓൺലൈൻ ബെറ്റിങ് ഗെയിമിലാണു പണം നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തി.
7 പേരടങ്ങുന്ന യൂണിഫോം കമ്മിറ്റിയിലെ അംഗമാണ് ശംഭു. എസ്എപി, കെഎപി 3, കെഎപി 5 ബറ്റാലിയനുകളിലെ പൊലീസ് റിക്രൂട്ട് ട്രെയ്നികൾക്ക് യൂണിഫോം തുണി വാങ്ങാനും തയ്ക്കാനുമുള്ള പണം ശംഭുവാണ് പിരിച്ചത്. എന്നാൽ ഈ തുക സ്ഥാപനങ്ങളിൽ അടയ്ക്കാത്തതിനെ തുടർന്ന് ട്രെയ്നികൾ ചോദ്യം ചെയ്തപ്പോഴാണ് നഷ്ടമായെന്ന് അറിയുന്നത്. ഇയാൾ ഐആർബിയിൽ ഉണ്ടായിരുന്നപ്പോൾ സമാന രീതിയിൽ തട്ടിപ്പു നടത്തിയിരുന്നുവെന്നും അവിടെനിന്നു രാജിവച്ചാണ് കെഎപിയിൽ ചേർന്നതെന്നും പൊലീസ് പറഞ്ഞു.