അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കാൻ സ്പോൺസർ നൽകിയെന്നു പറയപ്പെടുന്ന 126 കോടി രൂപയുടെ മുഴുവൻ സ്രോതസ്സും തലനാരിഴ കീറി അന്വേഷിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഇത്രയും പണം എവിടെനിന്നാണു സ്പോൺസർ സമാഹരിച്ചത്, ഇത് അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) കൈമാറാൻ ഉപയോഗിച്ച ഏജൻസിയുടെ വിശ്വാസ്യത, മത്സരം നടക്കാത്ത സാഹചര്യത്തിൽ ഈ പണത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാനാണു തീരുമാനം. വിജിലൻസിന്റെയോ ക്രൈംബ്രാഞ്ചിന്റെയോ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുന്നതു സംബന്ധിച്ചും ആലോചനയുണ്ട്.