സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം. ഓണം കഴിഞ്ഞാലുടൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് പൊളിച്ചെഴുതാനൊരുങ്ങി സർക്കാർ. പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാകുന്നില്ലെന്നും ക്ലെയിമുകൾ കൂട്ടത്തോടെ നിരസിക്കപ്പെടുകയാണെന്നുമുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇൻഷുറൻസ് കമ്പനിക്കു പണം കിട്ടാൻ വേണ്ടി മാത്രം തുടങ്ങിയ പദ്ധതി പോലെയാണ് മെഡിസെപ് നിലവിൽ പ്രവർത്തിക്കുന്നതെന്നും ആ രീതി മാറ്റി പദ്ധതി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഓണം കഴിഞ്ഞാലുടൻ മെഡിസെപ്പ് പദ്ധതി പരിഷ്കരിക്കുമെന്ന് അധികൃതർ പറഞ്ഞു. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും ബജറ്റിലും ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഉദ്യോഗസ്ഥരിൽ നിന്നു പണം വാങ്ങിയിട്ടും പ്രധാനപ്പെട്ട ആശുപത്രികളിലൊന്നും ചികിത്സ ലഭ്യമാക്കാതെയാണ് പദ്ധതി മുന്നോട്ടു പോകുന്നതെന്ന പരാതി പരിഹരിക്കും. ഇൻഷുറൻസ് കമ്പനിക്കു മാത്രം ഗുണകരമാകുന്ന തരത്തിലാണ് മെഡിസെപ് മുന്നോട്ടു പോകുന്നതെന്ന ജീവനക്കാരുടെ ആക്ഷേപവും പരിശോധിക്കും. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകും. ജീവനക്കാർക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കും. പദ്ധതി പുനഃക്രമീകരിക്കുന്നതിനായി ജീവനക്കാരുടെ സംഘടനകളുമായും ഇൻഷുറൻസ് കമ്പനിയുമായും ചേർന്നു ചർച്ച നടത്തുമെന്നും അധികൃതർ പറഞ്ഞു.