9കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെയും വിവിധ ജില്ലകളിൽ താലൂക്ക് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക്, ജില്ലയിലെ മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ, പത്തനംതിട്ടയിലെ തിരുവല്ല താലൂക്ക്, ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകൾ, വയനാട്ടിലെയും കോഴിക്കോടിലെയും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്നിവിടങ്ങളിലാണ് നാളെ (ഓഗസ്റ്റ‌് 6) അവധി പ്രഖ്യാപിച്ചത്.
അങ്കണവാടികൾ മുതൽ പ്രഫഷനൽ കോളജുകൾക്കു വരെ അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന മറ്റ് സ്കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ അറിയിച്ചു. മാവേലിക്കര, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ അവധി സംബന്ധിച്ച തീരുമാനം പ്രാദേശിക സാഹചര്യം പരിശോധിച്ച് ഡിഡിഇ എടുക്കും.