Drisya TV | Malayalam News

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു 

 Web Desk    5 Aug 2026

ശബരിമലയിലെ നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക വിജിലൻസ് അന്വേഷണ സംഘത്തെ (എസ്.ഐ.ടി.) രൂപവത്കരിച്ചു. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുക. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, രതീന്ദ്രകുമാർ എന്നീ നാല് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ട്.

ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച സംഘത്തിൻ്റെ പട്ടിക സർക്കാർ കോടതിക്ക് കൈമാറി. വിജിലൻസ് എസ്.പി. നൽകിയ മൂന്ന് എസ്.പി.മാരുടെ പാനലിൽനിന്നാണ് കോടതി സോജനെ തിരഞ്ഞെടുത്തത്. ഡിവൈ.എസ്.പി. സി.എസ്. ഹരിയായിരിക്കും നെയ്യ് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുക. അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോർട്ട് പത്തുദിവസത്തിനുള്ളിൽ ദേവസ്വം ബെഞ്ചിന് സമർപ്പിക്കണമെന്ന് കോടതിയുടെ കർശന നിർദേശമുണ്ട്.

2025-26 കാലയളവിൽ ശബരിമലയിലേക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നെന്ന് ആരോപണമുണ്ടായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള ഒരു കമ്പനി കുറഞ്ഞ തുകയ്ക്ക് നെയ്യ് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും അത് മറികടന്ന് മിൽമയിൽനിന്ന് കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. ദേവസ്വം കമ്മിഷണറുടെ എതിർപ്പ് മറികടന്നായിരുന്നു ഈ നീക്കം. ഇതുവഴി വലിയ സാമ്പത്തിക നഷ്‌ടമുണ്ടായെന്ന് വിലയിരുത്തിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

  • Share This Article
Drisya TV | Malayalam News