Drisya TV | Malayalam News

രാജ്യത്തെ പ്രമുഖ മദ്യ ബ്രാൻഡുകൾക്കെതിരെ നടപടിയുമായി എഫ്എസ്എസ്എഐ

 Web Desk    5 Aug 2026

രാജ്യത്തെ പ്രമുഖ മദ്യ ബ്രാൻഡുകൾക്കെതിരെ നടപടിയുമായി എഫ്എസ്എസ്എഐ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ എൻഫോഴ്സസ്മെന്റ് നടപടികൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഓൾഡ് മങ്ക് റമ്മിന്റെ ചില വകഭേദങ്ങൾ നിർമ്മിക്കുന്ന കമ്പനിയടക്കം നടപടികൾ നേരിടും.

റം, വിസ്കി എന്നിവയുടെ സ്വാഭാവിക രുചിയും മണവും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്ന എസ്സൻസുകൾ ഉപയോഗിച്ചതിനും, മദ്യക്കുപ്പികളിലെ ലേബലിൽ നിർമ്മാണ പഴക്കത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയതിനുമാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം നടപടിയെടുത്തിരിക്കുന്നത്.

ചില കമ്പനികൾ സ്വാഭാവിക മണം ഒട്ടുമില്ലാത്ത 'ന്യൂട്രൽ ആൽക്കഹോൾ' മാത്രം അടിസ്ഥാനമാക്കി നിർമ്മിച്ച ശേഷമാണ് പുറത്തുനിന്നുള്ള കൃത്രിമ എസ്സൻസുകൾ ചേർത്ത് റമ്മിന്റെയും വിസ്കിയുടെയും തനത് രുചി ഉണ്ടാക്കിയെടുക്കുന്നത് എന്ന് കണ്ടെത്തി. ഇത് റഗുലേറ്ററി ലംഘനമാണ്. ഇത്തരം ഉൽപ്പന്നങ്ങളുടെ ലേബലിന് മുന്നിൽ "റം ഫ്ലേവേർഡ് സ്‌പിരിറ്റ്" എന്നോ "വിസ്കി ഫ്ലേവേർഡ് സ്പ‌ിരിറ്റ്" എന്നോ വ്യക്തമായി രേഖപ്പെടുത്തണം എന്നാണ് 2020-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിൽ പറയുന്നത്.

വിവിധ നിർമ്മാതാക്കളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൃത്രിമ എസ്സൻസുകളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിലൂടെ ഉൽപ്പന്നങ്ങൾ ഗുണനിലവാരമില്ലാത്തതാണെന്ന് തെളിഞ്ഞു. ഇങ്ങനെ കൃത്രിമമായി നിർമ്മിച്ചവയിൽ "ഫ്ലേവേർഡ്" എന്നോ "പ്രീമിക്സ്" എന്നോ വ്യക്തമാക്കാതിരിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിന് തുല്യമാണെന്നും റെഗുലേറ്റർ ചൂണ്ടിക്കാട്ടി.

ഇതിനുപുറമെ, ഓൾഡ് മങ്ക് XXX റമ്മിന്റെ ഒരു വകഭേദത്തിൽ "7 ഇയേഴ്സ് ഓൾഡ് ബ്ലെൻഡഡ്" (7 വർഷം പഴക്കമുള്ളത്) എന്ന് രേഖപ്പെടുത്തിയത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കണ്ടെത്തി. ഈ മദ്യത്തിന്റെ ഭൂരിഭാഗവും നിർമ്മിച്ചിരിക്കുന്നത് പഴക്കം ചെന്നിട്ടില്ലാത്ത ന്യൂട്രൽ സ്പ‌ിരിറ്റ് കൊണ്ടാണ്. 5 ശതമാനത്തിൽ താഴെ മാത്രമാണ് പഴക്കമുള്ള റം ഇതിൽ ചേർത്തത്. ഇത്തരത്തിൽ ബ്ലെൻഡ് ചെയ്ത‌് വരുന്ന മദ്യത്തിന്റെ പഴക്കം തീരുമാനിക്കേണ്ടത് അതിൽ ചേർത്ത ഏറ്റവും കുറഞ്ഞ പഴക്കമുള്ള സ്പിരിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം.

  • Share This Article
Drisya TV | Malayalam News