Drisya TV | Malayalam News

മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമ

 Web Desk    6 Jun 2026

മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും സൗജന്യ യാത്ര പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമ. കോന്നി വഴി കരിമാൻതോട്, തണ്ണിത്തോട് തുടങ്ങി അഞ്ച് റൂട്ടുകളിൽ ഓടുന്ന 18 സർവീസുകളിലാണ് ഇത്തരത്തിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത്. 75 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 4–ാം ക്ലാസ്സ് വരെ പഠിക്കുന്ന വിദ്യാർഥികൾക്കുമാണ് ബസ് റൂട്ടുകളിൽ സൗജന്യ യാത്ര അനുവദിച്ചത്.

 

വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡും മുതിർന്ന പൗരന്മാരുടെ തിരിച്ചറിയൽ കാർഡും പരിശോധിച്ചാണ് ഈ ഇളവ് അനുവദിക്കുന്നത്. പത്തനംതിട്ട നിന്ന് ആരംഭിക്കുന്ന കരിമാൻതോട്, കോന്നി, തണ്ണിത്തോട് വഴി വയ്യാറ്റുപുഴ, കോന്നി തണ്ണിത്തോട് വഴി സീതത്തോട്, കോന്നിയിൽ നിന്ന് ആരംഭിക്കുന്ന ചെങ്ങറ, മെഡിക്കൽ കോളജ് ആശുപത്രി തുടങ്ങിയ റൂട്ടുകളിലെ ബ്ലൂഹിൽ ബസ് സർവീസുകളിലാണ് ഇളവ് നൽകുന്നത്. പദ്ധതി തുടങ്ങിയ ആദ്യ ദിവസം തന്നെ 73 മുതിർന്ന പൗരന്മാർക്ക് സൗജന്യയാത്ര അനുവദിച്ചു. നിലവിൽ ശരാശരി 6000 രൂപയോളം ഈ ഇനത്തിൽ വരുമാനനഷ്ടം ഉണ്ടെന്നാണ് കണക്ക്. ഈ പദ്ധതി കൂടാതെ നാളുകളായി ബസുകളിൽ കാൻസർ ചികിത്സയ്ക്കു പോകുന്നവർക്കും ഡയാലിസിസിനു പോകുന്നവർക്കും സൗജന്യ യാത്രയും അനുവദിച്ചിട്ടുണ്ട്.

കോന്നി അട്ടച്ചാക്കൽ സ്വദേശി ജോബി പി.സാം അന്തരിച്ച തന്റെ പിതാവ് സാമുവൽ വർഗീസിന്റെ ഓർമ നിലനിർത്താൻ ആരംഭിച്ച സാമുവൽ വർഗീസ് ബ്ലൂഹിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റൊരു പദ്ധതിയാണ് ഇതെന്ന് ജോബിയുടെ മാതാവ് മേരിക്കുട്ടി സാമുവൽ പറഞ്ഞു. പുതിയ അധ്യയന വർഷാരംഭത്തിൽ 25,000സ്കൂൾ ബുക്കുകളുടെ വിതരണമാണ് നടത്തിയത്. 9 കുട്ടികളുടെ എല്ലാ ചെലവും ഏറ്റെടുത്ത് അവരെ സംരക്ഷിക്കുകയും ചെയ്തു വരുന്നു സാമുവൽ വർഗീസ് ബ്ലൂഹിൽ ഫൗണ്ടേഷൻ.

  • Share This Article
Drisya TV | Malayalam News