പാചകവാതക പ്രതിസന്ധിയെത്തുടർന്ന് ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിനിടെ, നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും ഭക്ഷണത്തിന്റെ വില കൂട്ടി. സസ്യേതര വിഭവങ്ങൾക്കാണു പ്രധാനമായും വില കൂട്ടിയത്. അൽഫാം പോലെയുള്ള വിഭവങ്ങൾക്കും ബിരിയാണിക്കും 10 മുതൽ 30 വരെ രൂപ കൂട്ടിയിട്ടുണ്ട്. പാചകം ചെയ്യാൻ കൂടുതൽ സമയമെടുക്കുന്നവയ്ക്കാണു വില കൂട്ടിയത്. ചായയ്ക്കും പലഹാരങ്ങൾക്കും വില കൂട്ടിയിട്ടില്ല.
പ്രവർത്തനച്ചെലവ് കൂടിയതോടെയാണു ഭക്ഷണത്തിനും വില കൂട്ടേണ്ടി വന്നതെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.നസീർ പറഞ്ഞു. ജില്ലയിൽ ആയിരത്തോളം ഹോട്ടലുകളാണ് അടച്ചത്. പലതും അടച്ച് ഒരാഴ്ച പിന്നിട്ടിട്ടും വാണിജ്യ സിലിണ്ടർ കിട്ടിയിട്ടില്ല.
പാചകവാതക പ്രതിസന്ധി പരിഹരിക്കാത്ത സർക്കാർ നടപടിക്കെതിരെ 23ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കടയടച്ചു പ്രതിഷേധിക്കും. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ചു പാചകവാതകം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണു പ്രതിഷേധം.