വിദേശ യാത്രക്കാർക്കും പ്രവാസികൾക്കും തിരിച്ചടിയായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വർധനവും ചൂണ്ടിക്കാട്ടി തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വെട്ടികുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയാണ് ഈ ക്രമീകരണങ്ങൾ നിലവിലുണ്ടാകുക.
ഒരു എയർലൈനിൻറെ പ്രവർത്തനച്ചെലവിൻറെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ പലതും റദ്ദാക്കാൻ തീരുമാനിച്ചത്. യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനമെടുത്തതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ നാട്ടിലേക്കെത്താൻ പ്രവാസികളെ സഹായിക്കുന്ന എയർ ഇന്ത്യയുടെ സർവീസ് ഇല്ലാതാകുന്നതോടെ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലാകും.
വിമാന സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനുമാണ് ഈ നടപടിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. പല റൂട്ടുകളിലും വിമാനങ്ങളുടെ എണ്ണം കുറച്ചപ്പോൾ ചില സർവീസുകൾ പൂർണ്ണമായും ചില സർവീസുകൾ താൽക്കാലികമായും നിർത്തിവെച്ചു.എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസുകളിൽ മാറ്റം വരുന്ന യാത്രക്കാരെ മുൻകൂട്ടി അറിയിക്കുമെന്നും, അവർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമോ, ടിക്കറ്റ് തുക തിരികെ നൽകുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഡൽഹി - ഷിക്കാഗോ: സർവീസ് താൽക്കാലികമായി നിർത്തിവെച്ചു.
ഡൽഹി - സാൻ ഫ്രാൻസിസ്കോ: ആഴ്ചയിൽ 10 സർവീസ് എന്നതിൽ നിന്നും 7 സർവീസ് ആയി കുറച്ചു.
ഡൽഹി - ടൊറന്റോ: ആഴ്ചയിൽ 5 വിമാനങ്ങൾ മാത്രം (ജൂലൈ വരെ)
മുംബൈ - നെവാർക്ക്: സർവീസുകൾ ആഴ്ചയിൽ 7 ആയി വർധിപ്പിച്ചു. എന്നാൽ ഡൽഹി - നെവാർക്ക്, മുംബൈ - ന്യൂയോർക്ക് (JFK) സർവീസുകൾ താൽക്കാലികമായി റദ്ദാക്കി.
ഡൽഹി - പാരീസ്: ആഴ്ചയിൽ 14 വിമാനങ്ങൾക്ക് പകരം ഇനി 7 എണ്ണം മാത്രം.
ഡൽഹി - കോപ്പൻഹേഗൻ, മിലാൻ, വിയന്ന, സൂറിച്ച്, റോം: ഈ റൂട്ടുകളിലെല്ലാം ആഴ്ചയിലുള്ള വിമാനങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്.
ഡൽഹി - മെൽബൺ, ഡൽഹി - സിഡ്‌നി: ആഴ്ചയിൽ 7 സർവീസുകൾ ഉണ്ടായിരുന്നത് 4 ആയി കുറച്ചു.
സിംഗപ്പൂർ: ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ കുറച്ചു. ചെന്നൈ - സിംഗപ്പൂർ സർവീസ് ആഗസ്റ്റ് വരെ റദ്ദാക്കി.
ബാങ്കോക്ക്: ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകൾ ജൂലൈ മുതൽ കുറക്കും.
ഷാങ്ഹായ്, കൊളംബോ, ധാക്ക, മാൽദ്വീപ് (മാലെ) തുടങ്ങിയ റൂട്ടുകളിലും സർവീസുകൾ വെട്ടിക്കുറയ്ക്കുകയോ താൽക്കാലികമായി നിർത്തിവെക്കുകയോ ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.