Drisya TV | Malayalam News

ബിജെപി വിട്ട് വെറും 24 മണിക്കൂറിനുള്ളിൽ അണ്ണാമലൈ രൂപീകരിച്ച പുതിയ പ്രസ്ഥാനത്തിൽ 14 ലക്ഷത്തോളം ആളുകൾ അംഗത്വമെടുത്തതായി റിപ്പോർട്ട് 

 Web Desk    6 Jun 2026

ബിജെപിയിൽ നിന്നുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പുതിയ രാഷ്ട്രീയ മുന്നേറ്റവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലൈ. പാർട്ടി വിട്ട് വെറും 24 മണിക്കൂറിനുള്ളിൽ അണ്ണാമലൈ രൂപീകരിച്ച പുതിയ പ്രസ്ഥാനത്തിൽ ഏകദേശം 14 ലക്ഷത്തോളം ആളുകൾ അംഗത്വമെടുത്തതായാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പുതിയ പ്രസ്ഥാനം മത്സരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

കഴിഞ്ഞ കുറച്ചു ആഴ്ചകളായി പാർട്ടിക്കുള്ളിൽ നിലനിന്നിരുന്ന ഭിന്നതകൾക്കൊടുവിലാണ് വെള്ളിയാഴ്ച അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവെച്ചത്. തുടർന്ന്, ബിജെപി നേതാവ് നിതിൻ നവിൻ അദ്ദേഹത്തിൻ്റെ രാജി സ്വീകരിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ രാഷ്ട്രീയ മുന്നേറ്റത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാടുകളും തമ്മിൽ പൊരുത്തപ്പെട്ടു പോകാത്തതിനാലാണ് ഈ തീരുമാനമെന്ന് അണ്ണാമലൈ വ്യക്തമാക്കി."വി ദ ലീഡേഴ്‌സ്" (We The Leaders) എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രസ്ഥാനത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇതിനകം 13,85,763-ലധികം ആളുകൾ സജീവ അംഗങ്ങളായിക്കഴിഞ്ഞു.

ഒരു സാധാരണക്കാരൻ രാഷ്ട്രീയത്തിലേക്ക് വരുന്നത് വലിയൊരു കാര്യമാണ്. വംശീയ ഭരണവും വ്യക്തിപൂജാ രാഷ്ട്രീയവും അവസാനിപ്പിച്ച്, ആശയ വ്യക്തതയുള്ള ഒരു ജനകേന്ദ്രീകൃത രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 'സ്ഥിരം എംഎൽഎ, എംപി' എന്ന രീതി മാറി രാഷ്ട്രീയം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. വരും തലമുറയ്ക്കായി ഒരു വലിയ മാറ്റത്തിന് അടിത്തറയിടാൻ ക്ഷമയോടെയുള്ള പ്രവർത്തനങ്ങളാണ് ഇനി ആവശ്യമെന്നും അണ്ണാമലെ പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, യുവജന നേതൃത്വം തുടങ്ങിയ മേഖലകളിൽ പ്രാദേശിക കൂട്ടായ്‌മകൾ രൂപീകരിച്ച് താഴെത്തട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് സന്നദ്ധപ്രവർത്തകർക്കായി വെബ്സൈറ്റ് വഴി പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നത്.തമിഴ്‌നാട് രാഷ്ട്രീയത്തിൽ പരമ്പരാഗത പാർട്ടികൾക്ക് പകരമായി സാധാരണക്കാരുടെ ശക്തി തെളിയിക്കുകയാണ് പുതിയ ലക്ഷ്യമെന്ന് അണ്ണാമലെ പറയുന്നു.

  • Share This Article
Drisya TV | Malayalam News