ഐഎഎസ് ഉദ്യോഗസ്ഥരായ ബി.അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് രണ്ടു വർഷമായി സസ്പെൻഷനിലാണ്. അശോക് ഒന്നര മാസമായി സസ്പെൻഷനിലാണ്. ഇവരുടെ തസ്തികകളിൽ ഉടൻ തീരുമാനമെടുക്കും.
ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിലാണ് 2024 നവംബർ 11ന് പ്രശാന്ത് സസ്പെൻഷനിലായത്. പിണറായി വിജയനെയും സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനു പിന്നാലെയാണ് ഏപ്രിലിൽ അശോകിനെ സസ്പെൻഡ് ചെയ്തത്. അനുവാദമില്ലാതെ മാധ്യമങ്ങളോടു സംസാരിച്ചു, സർക്കാരിന്റെ പ്രതിഛായ മോശമാക്കി തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനു മേൽ ചുമത്തിയത്.
ചീഫ് സെക്രട്ടറി ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം ഉന്നയിച്ചതിനു പ്രശാന്തിനെയും മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഒരേദിവസമാണ് സസ്പെൻഡ് ചെയ്തത്. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടി.
പിണറായി വിജയൻ രാജിവയ്ക്കുന്നതിനു തൊട്ടുമുൻപാണ് പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി സ്വീകരിച്ചത്. ഒൻപതാം തവണയായിരുന്നു നടപടി. സംസ്ഥാന സർക്കാരിന്റെ ലോട്ടറി വിൽപനയെക്കുറിച്ച് ഒരു ഇംഗ്ലിഷ് പത്രത്തിൽ എഴുതിയ ലേഖനം അനുമതിയില്ലാതെയാണ് എന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. മേയ് 4ന് പ്രശാന്തിന്റെ സസ്പെൻഷൻ അവസാനിക്കാനിരുന്നതാണ്.
സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് അശോകിനെ സസ്പെൻഡ് ചെയ്ത‌് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല മാധ്യമങ്ങളിലും സർക്കാർ നയങ്ങളെ വിമർശിക്കുന്ന തരത്തിൽ ബി.അശോക് സംസാരിച്ചിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സർവീസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെട്ടുവെന്നും പ്രതികരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.