Drisya TV | Malayalam News

ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

 Web Desk    6 Jun 2026

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച അതിവേഗ റെയിൽ പദ്ധതി പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്‌ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഇടക്കാല റിപ്പോർട്ട് കഴിഞ്ഞ ആഴ്ച ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയിരുന്നു.

പദ്ധതി സംസ്ഥാന സർക്കാരിന് ഒരുതരത്തിലുള്ള ബാധ്യതയുമുണ്ടാക്കില്ലെന്നും അതിനാവശ്യമായ സാമ്പത്തിക ക്രമീകരണങ്ങൾ ഉൾപ്പെടെ നിർദേശിക്കുന്ന ഇടക്കാല റിപ്പോർട്ടാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും ശ്രീധരൻ പറഞ്ഞിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്കു പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗ പാത കടന്നുപോവുക.

മണിക്കൂറിൽ 200 കിലോമീറ്ററിന് മുകളിൽ വേഗത്തിലുള്ള ട്രെയിൻ സർവീസ് കേരളത്തിലെ സാഹചര്യങ്ങൾക്ക് ഗുണകരമല്ല. കേരളത്തിൽ ജനവാസമേഖലകൾ കൂടുതലാണ്. അതിനാൽ സ്റ്റേഷനുകൾ അടുത്തടുത്ത് വേണം. 800 രൂപയാണ് ടിക്കറ്റ് നിരക്ക് ഉദ്ദേശിക്കുന്നത്. ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകും. ഒരു ദിവസം 2.28 ലക്ഷം ആളുകൾക്ക് യാത്രചെയ്യാം.ഒരു ട്രെയിനിൽ 800 യാത്രക്കാരെ ഉൾക്കൊള്ളും. 12 കോച്ചുകളാണ് ഉള്ളത്.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെയെത്തുന്നതിന് 3.30 മണിക്കൂർ വേണം. 60,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. ആദ്യമിത് 55,000 കോടിയായിരുന്നു. സൗരോർജത്തിലേക്ക് മാറുന്നതിന്റെ ചെലവുകൾ കൂടി കണക്കാക്കുമ്പോഴാണ് പദ്ധതിച്ചെലവിലെ മാറ്റം. സൗരോർജ സംവിധാനം ഒരുക്കുന്നതിന് 4000 കോടിയിലേറെ രൂപ ചെലവുവരും.

പദ്ധതിത്തുകയിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന വിഹിതമായി കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യം കണക്കിലെടുത്താണ് ചില ക്രമീകരണങ്ങൾ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുള്ളത്. ശേഷിക്കുന്ന 24,000 കോടി രൂപ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കാനാണ് ലക്ഷ്യം.

  • Share This Article
Drisya TV | Malayalam News