നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് പൂർണമായും ഒഴിഞ്ഞുമാറി. പരാജയ കാരണം പരിശോധിക്കുമെന്നും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരുത്തലുകൾ വരുത്തുമെന്നും വ്യക്തമാക്കിയ അദ്ദേഹം, എന്നാൽ എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല. തോൽവിയെക്കുറിച്ച് പ്രാഥമികമായി ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും, പാർട്ടിക്കെതിരായി നടന്ന വലിയ പ്രചാരവേലകളും പരിശോധിച്ചിട്ടുണ്ടെന്ന പൊതുവായ ഉത്തരം മാത്രമാണ് അദ്ദേഹം നൽകിയത്. ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം വാർത്താസമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയും ചെയ്തു.
പരാജയത്തിന്റെ കാരണങ്ങൾ താഴേത്തട്ടിൽ നിന്ന് തന്നെ കണ്ടെത്താനാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. ഇതിനായി വരുന്ന മെയ്, ജൂൺ മാസങ്ങളിൽ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കുമെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്തുകൊണ്ട് ജില്ലാ കമ്മിറ്റികളും, തുടർന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ ഏരിയ, ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളും ചേരും. ഈ യോഗങ്ങളിലെ ചർച്ചകൾ കൂടി പരിഗണിച്ച ശേഷമായിരിക്കും പാർട്ടിയുടെ അന്തിമമായ തെരഞ്ഞെടുപ്പ് അവലോകനം തയ്യാറാക്കുക. മേൽത്തട്ടിൽ നിന്ന് ഒരു റിവ്യൂ തയ്യാറാക്കി താഴേക്ക് നൽകുന്ന പതിവ് രീതിക്ക് പകരം, താഴെത്തട്ടിൽ സഖാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട ശേഷം കൃത്യമായ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.