Drisya TV | Malayalam News

ഹോർമുസ് പാതയിലൂടെ കപ്പലുകൾക്ക് ഇനി സഞ്ചരിക്കണമെങ്കിൽ ഇറാന്റെ മുൻകൂർ അനുമതി പത്രം ഇ-മെയിൽ വഴി ലഭിക്കണം

 Web Desk    6 May 2026

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. മേഖലയിൽ യു.എസ്-ഇസ്രായേൽ സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയതിനെത്തുടർന്ന് ഏകദേശം അടഞ്ഞുകിടക്കുന്ന ഈ പാതയിലൂടെ ഇനി കപ്പലുകൾക്ക് സഞ്ചരിക്കണമെങ്കിൽ ഇറാന്റെ മുൻകൂർ അനുമതി പത്രം ഇ-മെയിൽ വഴി ലഭിക്കണം.

ഇറാൻ ഔദ്യോഗിക മാധ്യമമായ പ്രസ് ടി.വി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കടലിടുക്കിൽ 'പരമാധികാര ഭരണസംവിധാനം' (Sovereign Governance System) നിലവിൽ വന്നു. കടലിടുക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കപ്പലുകൾ ഇറാന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുകയും അനുമതി വാങ്ങുകയും വേണം.

അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമനിർമാണവും ഇറാന്റെ പരിഗണനയിലാണ്. ശത്രുതയില്ലാത്ത മറ്റു രാജ്യങ്ങളിലെ കപ്പലുകൾക്ക് ഈ പാത ഉപയോഗിക്കുന്നതിന് പ്രത്യേക 'ടോൾ' ഏർപ്പെടുത്താനും ഇറാൻ ആലോചിക്കുന്നുണ്ട്.

ഇറാന്റെ നീക്കത്തിന് മറുപടിയായി കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് 'പ്രോജക്ട് ഫ്രീഡം' പ്രഖ്യാപിച്ചു. കപ്പലുകൾക്ക് യു.എസ് സൈന്യത്തിന്റെ അകമ്പടി നൽകാനായിരുന്നു പദ്ധതി. എന്നാൽ, ഹുർമുസ് കടലിടുക്കിന് സമീപം വരുന്ന ഏത് വിദേശ സൈനിക ശക്തിയെയും ആക്രമിക്കുമെന്ന് ഇറാന്റെ ജോയിന്റ് മിലിട്ടറി കമാൻഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്ന് ട്രംപ് ഈ നീക്കം താല്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

  • Share This Article
Drisya TV | Malayalam News