ട്രെയിൻ യാത്രയ്ക്കിടെ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നവരും പാട്ടു വച്ച് സഹയാത്രികരുടെ ഉറക്കം കളയുന്നവരും ഇനി സൂക്ഷിക്കുക. യാത്രക്കാരുടെ പരാതികൾ വർധിച്ചതോടെ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തിയിരിക്കുകയാണ്. ട്രെയിനിനുള്ളിൽ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുമ്പോൾ ഹെഡ്ഫോൺ നിർബന്ധമാക്കി.
മൊബൈലിലോ സ്‌പീക്കറിലോ ഉച്ചത്തിൽ പാട്ടുകൾ വയ്ക്കുന്നതും സിനിമ കാണുന്നതും അനുവദിക്കില്ല. ശബ്ദം കേൾക്കണമെങ്കിൽ ഹെഡ്ഫോൺ നിർബന്ധമായും ഉപയോഗിച്ചിരിക്കണം.
രാത്രി 10 മണിക്ക് ശേഷം ഫോണിൽ ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല.ലൈറ്റുകൾ ഓഫ് ചെയ്ത ശേഷം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ചർച്ചകളും ഫോൺ കോളുകളും ഒഴിവാക്കണം.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഉദ്യോഗസ്‌ഥർ കോച്ചുകളിൽ മിന്നൽ പരിശോധന നടത്തും. പരാതി ലഭിച്ചാൽ റെയിൽവേ ആക്ട് സെക്ഷൻ 145 പ്രകാരം പിഴയോ നിയമനടപടികളോ നേരിടേണ്ടി വരും.