Drisya TV | Malayalam News

ടിവികെ അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

 Web Desk    6 May 2026

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾ കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ച് തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ പട്ടിക കൈമാറി. ഗവർണർ രാജേന്ദ്ര അർലേക്കർ ഉച്ചയോടെ ചെന്നൈയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വിജയ് അദ്ദേഹത്തെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചത്.ബുധനാഴ്ച രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ഗവർണറെ സന്ദർശിച്ച ശേഷം വൈകുന്നേരം അഞ്ച് മണിയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

വിജയ്ക്കൊപ്പം തന്നെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. തമിഴ്നാട് മന്ത്രിസഭയിൽ പരമാവധി 34 മന്ത്രിമാരാണുള്ളത്. മന്ത്രിസഭയിൽ കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുണ്ട്, എങ്കിലും നിലവിൽ ഉപാധികളില്ലാത്ത പിന്തുണയാണ് കോൺഗ്രസ് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രാധാന്യം നൽകുന്ന രീതിയിലായിരിക്കും മന്ത്രിസഭയെന്നാണ് സൂചന. സ്ഥാനാർത്ഥി പട്ടികയിൽ കണ്ടതുപോലെ ഓട്ടോ തൊഴിലാളികൾ, ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ എന്നിവർക്ക് മന്ത്രിസഭയിലും അർഹമായ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്.

  • Share This Article
Drisya TV | Malayalam News